#Movie

തമിഴകത്ത് ഫഹദിനെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കത്തില്‍ അമ്പരന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍

നായകനോളമോ അതിനേക്കാളേറെയോ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങുന്ന ഫഹദ് ഫാസിലാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. തമിഴ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം മാമന്നന്‍ റിലീസ് ചെയ്തശേഷം ഫഹദിന്റെ അഭിനയത്തിന് എങ്ങുനിന്നും കൈയ്യടിയാണ്. നേരത്തെ പുഷ്പ എന്ന സിനിമയിലെ ഫഹദിന്റെ വില്ലന്‍ വേഷവും ആരാധകര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഫഹദ് വില്ലനായി എത്തുമ്പോള്‍ ഉദയനിധി തന്നെയാണ് നായകനായി എത്തുന്നത്. രാഷ്ട്രീയമായി തമിഴ്‌നാട്ടില്‍ ഏറെ വിവാദമുണ്ടാക്കിയ സിനിമ കൂടിയാണിത്. ജാതി സംഘടനകളും, ജാതി രാഷ്ട്രീയവും ശക്തമായ തമിഴകത്ത് ഇത്തരം സിനിമകളുണ്ടാക്കുന്ന അലയൊലികള്‍ ചെറുതല്ല.

ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തിന് പിന്നാലെയാണ് ജൂലൈ 27ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ഒടിടിയില്‍ എത്തിയത്. ഇതോടെ സിനിമയ്ക്ക് വലിയ സ്വീകാര്യതയും ലഭിച്ചു. മാമന്നന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി വടിവേലു വ്യത്യസ്ത വേഷത്തിലെത്തുമ്പോള്‍ മകനായി ഉദയനിധി സ്റ്റാലിനും പ്രതിനായകനായി ഫഹദ് ഫാസിലും അരങ്ങുതകര്‍ത്തു.

സിനിമയില്‍ ഫഹദിന്റെ അഭിനയമാണ് മുന്നിട്ടുനിന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. നായകനേക്കാള്‍ ഫഹദ് ഫാസില്‍ കൈയ്യടി നേടിയതോടെ ജാതിരാഷ്ട്രീയത്തില്‍ വേറിട്ട കളിക്കൊരുങ്ങുകയാണ് സംസ്ഥാനത്തെ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍. ഫഹദ് ഫാസിലിന്റെ രത്‌നവേല്‍ എന്ന കഥാപാത്രത്തെ ഉപയോഗിച്ച് എഡിറ്റിംഗിലൂടെ തങ്ങള്‍ക്കനുകൂലമാക്കുകയാണ് അവര്‍.

മേല്‍ജാതിക്കാരുടെ സംഘടനകളാണ് ഫഹദിന്റെ വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. ജാതിയെ വാഴ്ത്തുന്ന പാട്ടുകളില്‍ മാമന്നന്‍ ചിത്രത്തിലെ ഫഹദിന്റെ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത വീഡിയോകളും വൈറലാകുകയാണ്. ഇതോടെ സംസ്ഥാനത്തെ ജാതി വിഷയങ്ങളും സജീവ ചര്‍ച്ചയാകുകയാണ്. തമിഴകത്ത് വേരുറപ്പിക്കാന്‍ പാടുപെടുന്ന ബിജെപിക്ക് സിനിമ തുണയാകുമോയെന്ന ആശങ്ക മറ്റു പാര്‍ട്ടികള്‍ക്കുമുണ്ട്.

മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘മാമന്നന്‍’ ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായി മാറിക്കഴിഞ്ഞു. ഇത്തരമൊരു വേഷം കൈകാര്യം ചെയ്യാന്‍ തമിഴിലെ മുന്‍നിര നടന്മാര്‍ മടിച്ചിരുന്നു. തൊട്ടാല്‍ പൊള്ളുന്ന വിഷയം ആയതുകൊണ്ടുതന്നെ ഈ കഥാപാത്രവുമായി ബന്ധപ്പെട്ട വിവാദം ഏതു തരത്തിലാണ് ബാധിക്കുകയെന്നത് വ്യക്തമായിരുന്നില്ല.

കഥാപാത്രത്തെ ധൈര്യമായി ഏറ്റെടുക്കുകയും പ്രതീക്ഷിച്ചതിലും ഉയര്‍ന്ന രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തതോടെ ഫഹദ് തന്റെ സാന്നിധ്യം തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യഘടകമാക്കുകയാണ്. പുഷ്പയിലെന്നപോലെ ദേശീയ തലത്തിലും ഏറെ സംസാരമായിക്കഴിഞ്ഞ സിനിമ മലയാളി നടന് മികച്ച അവസരങ്ങളിലൊന്നായി.

ഫഹദ് ഇത്തരം കഥാപാത്രങ്ങള്‍ അഭിനയിക്കരുതെന്ന നിര്‍ദ്ദേശവും ഉയര്‍ന്നുവരുന്നുണ്ട്. സിനിമയിലെ വില്ലന് കൈയ്യടിക്കേണ്ടിവരുന്നത് പോരായ്മയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫഹദ് ഫാസിലിനെപ്പോലെ ഒരു നടന് വില്ലന്റെ വെറുപ്പ് നേടാന്‍ കഴിയുന്നില്ലെന്നും വില്ലനായി മറ്റൊരു നടനെ കാസ്റ്റ് ചെയ്യാമായിരുന്നെന്നും ചിലര്‍ പറഞ്ഞു. സിനിമ ഇറങ്ങുമ്പോള്‍ ഏത് കഥാപാത്രത്തെ വെറുക്കണമെന്നാണോ മാരി സെല്‍വരാജ് ആഗ്രഹിച്ചത്, ആ കഥാപാത്രത്തെ ഇപ്പോള്‍ ആഘോഷിക്കുകയാണെന്നും ഇന്ത്യന്‍ സിനിമയ്ക്കുതന്നെ ഒരു മുതല്‍ക്കൂട്ടാണ് ഫഹദെന്നുമെല്ലാം പ്രേക്ഷകരുടെ കമന്റുകള്‍ നീളുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിനിമയുടെ രാഷ്ട്രീയം മുതലെടുക്കാന്‍ കഴിയുമോ എന്ന ആലോചനയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കേരളത്തിലും തമിഴ്‌നാട്ടിലും വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ കഴിയാത്ത ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ സിനിമയുടെ പ്രമേയവും ഫഹദ് ഫാസിലിന്റെ വീഡിയോയുമെല്ലാം ഉപയോഗിച്ചേക്കും. മേലാളര്‍, കീഴാളര്‍ ജാതിപ്പോര് എക്കാലവും തമിഴ്‌നാട്ടിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാറുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലുമെല്ലാം ഇക്കാര്യം തെളിഞ്ഞുകാണാറുമുണ്ട്. എന്തുതന്നെയായാലും നടനെന്ന നിലയില്‍ ഫഹദ് ഫാസില്‍ തമിഴ്‌നാട്ടിലുണ്ടാക്കിയ ചര്‍ച്ച ചെറുതല്ല.

Leave a comment

Your email address will not be published. Required fields are marked *