#Movie

തൊട്ടതെല്ലാം ഹിറ്റാക്കുന്ന മാജിക്, സംഗീത വിസ്മയം അനിരുദ്ധിനെക്കുറിച്ച് എല്ലാം അറിയാം

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയായ ജയ്ലര്‍ വിജയക്കുതിപ്പ് നടത്തുമ്പോള്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ഒരിക്കല്‍ക്കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രമുള്ള ഈ യുവ സംഗീത വിസ്മയം ജയറിലും തന്റെ മാജിക് ആവര്‍ത്തിച്ചു.

ജയ്ലറിന് പിന്നാലെ ഏവരും കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ കൂടി പുറത്തിറങ്ങുന്നതോടെ അനിരുദ്ധ് ഇന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിക്കും. ഇതിനകം തന്നെ പുറത്തുവന്ന സിനിമയിലെ ഗാനശകലങ്ങളില്‍ അനിരുദ്ധിന്റെ മാസ്മരികത അനുഭവിച്ചറിയാം. ബോളിവുഡിലെ അനിരുദ്ധിന്റെ ആദ്യ സിനിമകൂടിയാണിത്.

ആരാണീ അനിരുദ്ധ് എന്നാണിപ്പോള്‍ ആരാധകര്‍ക്കെല്ലാം അറിയേണ്ടത്. തെന്നിന്ത്യയില്‍ നേരത്തെതന്നെ അതിഗംഭീര വരവേല്‍പ് ലഭിച്ച അനിരുദ്ധിനെ ബോളിവുഡ് ആരാധകരും കൈനീട്ടി സ്വീകരിച്ചതോടെ സൂപ്പര്‍താരത്തിന്റെ തലപ്പൊക്കത്തിലാണ് തമിഴാനാട്ടുകാരനായ ഈ മുപ്പത്തിരണ്ടുകാരന്‍. സംഗീതസംവിധായകന്‍, ഗാനരചന, ഗായകന്‍ എന്നീ നിലകളിലെല്ലാം തന്റെ കൈയ്യൊപ്പു ചാര്‍ത്തിക്കഴിഞ്ഞു അനിരുദ്ധ്.

നടന്‍ രവി രാഘവേന്ദ്രയുടെയും ക്ലാസിക്കല്‍ നര്‍ത്തകി ലക്ഷ്മി രവിചന്ദറിന്റെയും മകനാണ് അനരുദ്ധ്. രജനികാന്തിന്റെ ഭാര്യ ലത രജനികാന്തിന്റെ മരുമകന്‍ കൂടിയാണ്. സിനിമാലോകം അനിരുദ്ധിന് പുതുമയുള്ള കാര്യമല്ല. സംവിധായകന്‍ കൃഷ്ണസ്വാമി സുബ്രഹ്മണ്യമാണ് അനിരുദ്ധിന്റെ മുത്തച്ഛന്‍.

2011 ല്‍ ചെന്നൈയിലെ ലയോള കോളേജില്‍ നിന്ന് ബിരുദം നേടി. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നാണ് അനിരുദ്ധ് പിയാനോ പഠിച്ചത്. ചെന്നൈയിലെ സൗണ്ട്ടെക് മീഡിയ ഓഡിയോ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സൗണ്ട് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും നേടി. ഒരു ഫ്യൂഷന്‍ ബാന്‍ഡിന്റെ ഭാഗമായിരുന്നു ഒരിക്കല്‍ അനിരുദ്ധ്. എ ആര്‍ റഹ്മാന്‍ വിധികര്‍ത്താവായ ഒരു റിയാലിറ്റി ടിവി ഷോയില്‍ അനിരുദ്ധും ബാന്‍ഡും പങ്കെടുത്തിരുന്നു. മറ്റ് അഞ്ച് ബാന്‍ഡുകളോടൊപ്പം അനിരുദ്ധിന്റെ ബാന്‍ഡും വിജയികളായി.

2012ല്‍ അനിരുദ്ധിന്റെ കസിനും രജനികാന്തിന്റെ മകളുമായ ഐശ്വര്യ ആര്‍ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത 3 എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ ധനുഷിന്റെ വൈ ദിസ് കൊലവെറി ഡി എന്ന വൈറല്‍ ഗാനം യുവ സംവിധായകനെ ശ്രദ്ധേയനാക്കി. യൂട്യൂബില്‍ കോടിക്കണക്കിന് കാഴ്ചക്കാരെത്തിയ ഗാനമാണിത്.

ആദ്യ സിനിമയിലെ ഹിറ്റിനുശേഷം അനിരുദ്ധ് തിരിഞ്ഞുനോക്കിയിട്ടില്ല. 2014 ല്‍ വിജയ്യുടെ കത്തി സിനിമയിലെ ‘സെല്‍ഫി പുള്ള’ എന്ന ഗാനം വൈറലായി. 2016-ല്‍ സോണി മ്യൂസിക്കുമായി കരാറില്‍ ഏര്‍പ്പെട്ടശേഷം അനിരുദ്ധ് തന്റെ സ്വതന്ത്ര ആല്‍ബങ്ങള്‍ പുറത്തിറക്കാനും ആരംഭിച്ചു. ഇവരുമായി ചേര്‍ന്ന് ലൈവ് കച്ചേരികളും അനിരുദ്ധ് നടത്താറുണ്ട്.

2018-ല്‍ അഗ്‌ന്യാതവാസി എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. സൂര്യയുടെ താനാ സേര്‍ന്ദ കൂട്ടം, പേട്ട, നാനിയുടെ ജേഴ്സി, ഗാംഗ് ലീഡര്‍, ദര്‍ബാര്‍, മാസ്റ്റര്‍, ഡോക്ടര്‍, ബീസ്റ്റ്, നയന്‍താരയുടെ കോലമാവ് കോകില, എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കി. ഓരോ സിനിമയിലും തന്റേതായ വ്യത്യസ്തത പുലര്‍ത്താനും അനിരുദ്ധിന് സാധിച്ചു. പ്രേമം എന്ന മലയാളം ചിത്രത്തിലെ ‘റോക്കാന്‍കുത്ത്’ എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്

എആര്‍ റഹ്മാന്‍ ഷാരൂഖിന്റെ ജവാന്‍ ചിത്രത്തിന് സംഗീതം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അനിരുദ്ധ് ഈ ജോലി ഏറ്റെടുക്കുന്നത്. ഡേവിഡ്, ജേഴ്‌സി തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ ഏതാനും ഗാനങ്ങള്‍ രചിച്ചതിന് ശേഷം അനിരുദ്ധിന്റെ ആദ്യ മുഴുനീള അരങ്ങേറ്റമാണിത്. ജയിലര്‍ കൂടാതെ, രജനികാന്തിന്റെ പേട്ടയിലും ദര്‍ബാറിലും അനിരുദ്ധ് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ലിയോ, മാസ്റ്റര്‍, ബീസ്റ്റ് എന്നിവയുടെ ആല്‍ബത്തിനും അനിരുദ്ധ് സംഗീതം നല്‍കും. കൂടാതെ, അജിത്തിന്റെ വിദാമുയാര്‍ച്ചിയും ജൂനിയര്‍ എന്‍ടിആറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമായ ദേവരയും അനിരുദ്ധിന്റെ കൈയ്യൊപ്പ് പതിയാനിരിക്കുന്ന സിനിമകളാണ്.

Leave a comment

Your email address will not be published. Required fields are marked *