ബിരിയാണിക്കൊപ്പം അധികം സലാഡ് ചോദിച്ച യുവാവിനെ മര്‍ദിച്ചുകൊന്നു; അഞ്ചുപേര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ബിരിയാണിക്കൊപ്പം നല്‍കിയ സലാഡ് അധികമായി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഹൈദരാബാദിലെ പഞ്ചഗുട്ട ക്രോസ്‌റോഡ് ഏരിയയിലെ മെറിഡിയന്‍ ബിരിയാണി റസ്റ്റോറന്റിലാണ് സംഭവം. ഹൈദരാബാദിലെ ചന്ദ്രലോക് പ്രദേശത്തെ ലിയാഖത്ത് (32) ആണ് മരിച്ചത്. യുവാവും ഹോട്ടല്‍ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ബിരിയാണിക്കൊപ്പം നല്‍കിയ സലാഡ് യുവാവ് വീണ്ടും ചോദിച്ചതോടെയാണ് ഹോട്ടലിലെ ജീവനക്കാരുമായി തര്‍ക്കമുണ്ടായത്. തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ജീവനക്കാര്‍ ലിയാഖത്തിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് സ്റ്റേഷനിലെത്തിയ ലിയാഖത്ത് നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീണു. യുവാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.