January 22, 2025
#Trending

രാം ചരണിനെ കടത്തിവെട്ടി മെഗാ സ്റ്റാറായി അല്ലു, കോടികളുടെ ആസ്തി

വ്യാഴാഴ്ച പ്രഖ്യാപിച്ച 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ‘പുഷ്പ ദി റൈസ്’ എന്ന ചിത്രത്തിലെ വമ്പന്‍ പ്രകടനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക് നടനായ അല്ലു അര്‍ജുന്‍. മസാല സിനിമകളിലെ ഹീറോ എന്ന പേരില്‍ നിന്നും മികച്ച അഭിനേതാവ് എന്ന നിലയിലേക്ക് അല്ലു മാറുമ്പോള്‍ ആരാധകരും ആവശത്തിലാണ്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ തെലുങ്ക് നടനെന്ന ബഹുമതിയും ഇനി അല്ലുവിന് സ്വന്തം.

അല്ലുവിന് അഭിനയിക്കാനറിയില്ലെന്നും താരം വെറും മസാല സൂപ്പര്‍സ്റ്റാര്‍ ആണെന്നും പരിഹസിച്ചവര്‍ക്കുള്ള മറുപടികൂടിയാണിത്. തെലുങ്ക് സിനിമയിലെ കുടുംബ വാഴ്ചയെ അരക്കെട്ടുറപ്പിക്കുന്നതുകൂടിയാണ് അല്ലുവിന്റെ നേട്ടമെന്ന് പറയാം. ചിരഞ്ജിവിയും നാഗാര്‍ജുനയുമെല്ലാം അടക്കിവാണ സിനിമാ മേഖലയില്‍ അല്ലുവും രാം ചരണും ജൂനിയര്‍ എന്‍ടിആറുമെല്ലാം ഇപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ്.

68 വര്‍ഷത്തെ അവാര്‍ഡ് ചരിത്രത്തില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ ടോളിവുഡ് നടനായി അല്ലു മാറിയതോടെ തെലങ്കാനയില്‍ ആഘോഷത്തിന്റെ പ്രതീതിയാണ്. ബണ്ണി എന്ന പേരില്‍ ഏവരുടേയും അരുമയായ അല്ലുവിന് അവാര്‍ഡ് ലഭിച്ചത് ചിരഞ്ജീവി കുടുംബത്തിന് നല്‍കുന്ന ആഹ്ലാദം ചെറുതല്ല.

1985-ല്‍ ബാലതാരമായാണ് അല്ലു അര്‍ജുന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. 2003ല്‍ ‘ഗംഗോത്രി’യിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. സൂപ്പര്‍ ഹിറ്റായ ഒട്ടേറെ സിനിമകളില്‍ ഹീറോയായ അല്ലു മെഗാസ്റ്റാറായി മാറുന്നത് ‘പുഷ്പ ദി റൈസ്’ എന്ന ബ്ലോക്ക്ബസ്റ്ററിലൂടെയാണ്.

പ്രശസ്ത ഹാസ്യനടന്‍ അല്ലു രാമലിംഗയ്യയുടെ ചെറുമകനും പ്രമുഖ നിര്‍മാതാവായ അല്ലു അരവിന്ദിന്റെ മകനുമാണ് അല്ലു അര്‍ജുന്‍. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവന്‍ കൂടിയാണ്. അല്ലു അര്‍ജുന്റെ പിതാവിന്റെ സഹോദരിയാണ് ചിരഞ്ജീവിയുടെ ഭാര്യ സുരേഖ. സിനിമാ കുടുംബത്തില്‍ ജനിച്ചതുകൊണ്ടുതന്നെ ശത കോടികളുടെ അധിപന്‍ കൂടിയാണ് അല്ലു.

ഓരോ സിനിമയിലും വ്യത്യസ്ത വേഷത്തിലെത്തുന്നത് അല്ലുവിന്റെ പ്രത്യേകതയാണ്. പ്രത്യേകിച്ചും ഹെയല്‍സ്‌റ്റൈലിലും ശരീര വഴക്കത്തിലും അല്ലുവിന് മറ്റു നടന്മാര്‍ക്കിടയില്‍ വ്യത്യസ്തനാക്കുന്നു.

മികച്ച നടനുള്ള അവാര്‍ഡ് നേടിയതോടെ അല്ലുവിന്റെ ആരാധകരും രാം ചരണിന്റെ ആരാധകരും സോഷ്യല്‍ മീഡിയയില്‍ അടി തുടങ്ങിയിട്ടുണ്ട്. പുഷ്പയിലെ അഭിനയത്തിന് താരത്തിന് അവാര്‍ഡ് കിട്ടിയത് പലര്‍ക്കും ദഹിച്ചിട്ടില്ല. എന്നാല്‍, കഥാപാത്രമായുള്ള അല്ലുവിന്റെ വേഷപ്പകര്‍ച്ച കൈയ്യടി നേടുന്നതുതന്നെയാണ്. പുഷ്പ 2 കൂടി പുറത്തിറങ്ങുന്നതോടെ ഇന്ത്യയില്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു മാറിയേക്കും. അല്ലുവിന്റെ നടനെന്ന നിലയിലുള്ള വളര്‍ച്ച തെലുങ്ക് സിനിമയിലെ യുവ നടന്മാര്‍ക്കിടയില്‍ വലിയ മത്സരത്തിനും ഇടയാക്കിയേക്കും.

Leave a comment

Your email address will not be published. Required fields are marked *