November 21, 2024
#Trending

സിപിഎമ്മിന് വീണ്ടും പണിവരുന്നു, ഭീമന്‍ രഘുവിനൊപ്പം കൊടിപിടിക്കാന്‍ മേജര്‍ രവിയും

സിപിഎമ്മിനെ അടുത്തകാലത്തായി ഏറെ നാണക്കേടിലാക്കിയ സംഭവമാണ് ഭീമന്‍ രഘുവിന്റെ കോപ്രായങ്ങള്‍. വിപ്ലവ പാര്‍ട്ടിയെ തീര്‍ത്തും പരിഹസിക്കുന്ന രീതിയില്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന നടന്‍ പാര്‍ട്ടിയെ ചില്ലറയൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. ചലചിത്ര പുരസ്‌കാര വേദിയിലെ നില്‍പ്പും സിനിമാ പ്രമോഷനുവേണ്ടി കൊടിയുമായെത്തിയതുമെല്ലാം ഭീമന്‍ രഘു സിപിമ്മിന്റെ മേല്‍വിലാസത്തിലാക്കി.

ദീര്‍ഘകാലം ബിജെപിയില്‍ പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുകയുമൊക്കെ ചെയ്ത രഘു സിപിഎമ്മിലെത്തിയപ്പോള്‍ പൊടുന്നനെ സിനിമയിലെ തന്റെ കോമഡി കഥാപാത്രമായി മാറുകയായിരുന്നു. രഘുവിന്റെ കോമാളിത്തരങ്ങള്‍ അസഹ്യമായതോടെ സൈബര്‍ സഖാള്‍ക്കുതന്നെ ഇയാളോട് കൊടി താഴെവക്കാന്‍ പറയേണ്ടിവന്നു.

ഭീമന്‍ രഘുവിന്റെ തലവേദന ഒരുവശത്ത് തുടരവെ സിപിഎമ്മിന് പണികൊടുക്കാന്‍ മറ്റൊരു സിനിമാക്കാരന്‍ കൂടി ബിജെപി വിട്ട് ഇടതു പാര്‍ട്ടിയിലേക്ക് വരുന്നതായാണ് അണിയറ സംസാരം. പ്രശസ്ത സംവിധായകനും നടനുമായ മേജര്‍ രവിയാണ് തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ കൂടാരത്തിലേക്കെത്താന്‍ നീക്കം നടത്തുന്നത്. സിപിഎമ്മിലെ അടുപ്പമുള്ള ചിലരുമായി രവി ഇക്കാര്യം സംസാരിച്ചതായാണ് വിവരം.

നേരത്തെ തന്നെ ബിജെപി സംസ്ഥാന നേതൃത്വവുമായി ഉടക്കിട്ടയാളാണ് മേജര്‍ രവി. കേരളത്തിലെ 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നാണ് രവിയുടെ അഭിപ്രായം. തനിക്ക് എന്ത് കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും, സംസ്ഥാനത്തെ നേതാക്കള്‍ പറഞ്ഞാല്‍ താന്‍ ഇനി മത്സരിക്കില്ലെന്നും മേജര്‍ രവി വ്യക്തമാക്കിയിരുന്നു.

ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന നടന്‍ ഇനി തന്നെ അതിന് കിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. താഴെ തട്ടിലെ ജനങ്ങളെ ബിജെപി നേതാക്കള്‍ തിരിഞ്ഞ് നോക്കാറില്ല, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നുമെല്ലാം നടന്‍ പറയുകയുണ്ടായി.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് വേദിയിലും രവിയെത്തിയത് കൗതുകക്കാഴ്ചയായി. ഇത് പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം ശക്തമാക്കുകയും ചെയ്തു. ബിജെപിയുമായി ഇടഞ്ഞ അദ്ദേഹം പിന്നീട് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നത് അപൂര്‍വമായിരുന്നു. മറ്റൊരു പാര്‍ട്ടയിലേക്ക് പരസ്യമായി മാറിയില്ലെങ്കിലും ബിജെപിയുമായുള്ള രവിയുടെ അഭിപ്രായവ്യത്യാസം തുടരുകയാണെന്ന് ഏറ്റവും ഒടുവിലത്തെ സംഭവവും തെളിയിക്കുന്നു.

ആലപ്പുഴയില്‍ പട്ടാളക്കാരന്റെ പുറത്ത് ചാപ്പ കുത്തിയ സംഭവത്തില്‍ കേരള പോലീസിനെ വാനോളം പുകഴ്ത്തിയ രവി വിഷയത്തില്‍ ബിജെപിയുടെ നിലപാടിന് കടകവിരുദ്ധമായാണ് പ്രതികരിച്ചത്. സംസ്ഥാനത്ത് കലാപ സാഹചര്യമുണ്ടാക്കാനായി സംഭവം ബിജെപി മുതലെടുക്കുമോ എന്ന ആശങ്ക നിലനില്‍ക്കെ ചാപ്പ കുത്തല്‍ വ്യാജമാണെന്ന് പോലീസ് തെളിയിച്ചിരുന്നു.

ഒരു പട്ടാളക്കാരനും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് സൈനികനായ ഷൈന്‍ ചെയ്തതെന്ന് മേജര്‍ രവി പ്രതികരിച്ചു. ഇയാള്‍ ഇനിയും ആര്‍മിയില്‍ തുടരാന്‍ അര്‍ഹനല്ല. മണിക്കൂറുകള്‍ക്കകം സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പോലീസ് ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മേജര്‍ രവി ഫേസ്ബുക്കിലൂടെ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് തന്റെ പുറത്ത് ചാപ്പകുത്തിയെന്നായിരുന്നു സൈനികന്റെ ആരോപണം. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും സുഹൃത്തിനെക്കൊണ്ട് ചെയ്യിക്കുകയായിരുന്നെന്നും കണ്ടെത്തിയിരുന്നു. ഒരു പട്ടാളക്കാരനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാല്‍ പിന്നീട് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാവുന്നതെയുള്ളുവെന്നും സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായതെന്നും രവി പറയുന്നു.

ഒരു കലാപത്തിന്റെ വിത്താണ് ഈ പട്ടാളക്കാരന്‍ പാകിയിരിക്കുന്നത്. ഈ പട്ടാളക്കാരന്‍ ഇനിയും സൈന്യത്തില്‍ തുടര്‍ന്നാല്‍ ഇവിടെ ചെയ്തത് കശ്മീര്‍ പോലെയുള്ള സ്ഥലത്തും ചെയ്‌തേക്കും. അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് സൈന്യത്തെ ഈ കാര്യം അറിയിച്ചാല്‍ ഇയാള്‍ ഇനി ഇന്ത്യന്‍ ആര്‍മിയില്‍ ഉണ്ടാകില്ലെന്നും കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനാകുമെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി.

പട്ടാളക്കാരന്റെ സംഭവം വ്യാജമാണെന്നറിഞ്ഞിട്ടും ബിജെപി വിഷയത്തല്‍ നിലപാട് തിരുത്താതിരിക്കുമ്പോഴാണ് മേജര്‍ രവി വ്യത്യസ്തമായ അഭിപ്രായവുമായി എത്തിയത്. ഇത് ബിജെപിക്ക് ക്ഷീണമുണ്ടാക്കുന്നതാണ്. പരസ്യമായി ബിജെപി നിലപാട് തിരുത്തുന്നതാണ് രവിയുടെ ഫേസ്ബുക്ക് ലൈവ്. പാര്‍ട്ടിയുമായി ഇടഞ്ഞിനില്‍ക്കുന്ന നടന്‍ ഈ രീതിയിലൊരു നിലപാടുമായി സിപിഎമ്മിനെ സുഖിപ്പിക്കുകയാണെന്ന അഭിപ്രായമാണ് ബിജെപി അണികള്‍ക്കുള്ളത്. വരും ദിവസങ്ങളില്‍ തന്നെ മേജര്‍ രവിയുടെ രാഷ്ട്രീയ മാറ്റത്തിന്റെ തീരുമാനമറിയാമെന്നും അവര്‍ പറയുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *