കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ‘സഹകാരി സംരക്ഷണ പദയാത്ര’ ഇന്ന്
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജെപിയുടെ പദയാത്ര ഇന്ന്. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നയിക്കുന്ന ‘സഹകാരി സംരക്ഷണ പദയാത്ര’ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര 18 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് തൃശൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സമാപിക്കും.
പദയാത്രയുടെ സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്യും. പദയാത്രയില്‍ കരുവന്നൂരില്‍ തട്ടിപ്പിന് ഇരയായവരും, ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. കൂടാതെ സഹകാരി അദാലത്തില്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിച്ച് ഗൗരവമുള്ളവ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കരുവന്നൂര്‍ വിവാദത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. കോണ്‍ഗ്രസിന്റെ പദയാത്രയ്ക്കു പിന്നാലെയാണ് തൃശൂരില്‍ ബിജെപിയും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുന്നത്.