സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ കനക്കും എന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദവും, ചക്രവാത ചുഴിയുമാണ് കനത്ത് മഴയ്ക്ക് കാരണം. കേരളതീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികളെല്ലാം ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലയോരമേഖലയിലും ജാഗ്രത തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കഴിഞ്ഞ മഴയില്‍ വെള്ളക്കെട്ടിലായ പല താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. അതിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. കൂടാതെ തിരുവനന്തപുരത്ത് ഇന്നും നാളെയുമായി നടത്താനിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവെച്ചു. അസിസ്റ്റന്റ് പ്രിസണര്‍ ഓഫീസര്‍ കായികക്ഷമത പരീക്ഷയാണ് മാറ്റിവെച്ചിട്ടുള്ളത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































