January 22, 2025
#Politics #Top Four

ഗൂഢാലോചന നടന്നെങ്കില്‍ അത് സിപിഎമ്മില്‍ നിന്നാകും, പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവര്‍: വി.ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍ എന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം തന്നെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഐഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നും ആകുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

‘പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്ളവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖില്‍ സജീവ് ആരാണ്? സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഐഎം നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇപ്പോഴും സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. അഖില്‍ സജീവിന്റെ സംരക്ഷകര്‍ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോള്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകുമെന്നും’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Join with metro post:
വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

വ്യാജ ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയണമെന്നതടക്കമുള്ള കാര്യങ്ങളാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അഖിലിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് പോലീസ് അപേക്ഷിച്ചതിന് പിന്നാലെ കോടതി ഇയാളെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഈ യാഥാര്‍ത്ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാര്‍ട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read; ഇരുന്നൂറോളം മലയാളികള്‍ പലസ്തീനില്‍ കുടുങ്ങിക്കിടക്കുന്നു

Leave a comment

Your email address will not be published. Required fields are marked *