കോഴിക്കോട് വവ്വാലുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശത്തുനിന്ന് ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ ബാധിത പ്രദേശമായിരുന്ന മരുതോങ്കരയില്‍നിന്ന് ശേഖരിച്ച സാംപിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്.
മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശീയന്‍ നിപ്പയുടെ വകഭേദമാണ് കേരളത്തില്‍ കണ്ടുവരുന്നത്. ഇക്കാര്യം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍ നടത്തിയ പരിശോധയില്‍ സ്ഥിരീകരിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരില്‍ 70 ശതമാനം മുതല്‍ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. എന്നാല്‍ ഇക്കുറിയുണ്ടായ രോഗബാധയില്‍ 33 ശതമാനമായിരുന്നു മരണനിരക്ക്. താരതമ്യേന കുറഞ്ഞ മരണനിരക്കാണിതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞമാസം 11നാണ് നിപ വൈറസ് രോഗബാധ കണ്ടെത്തിയത്. ഒന്‍പതു വയസുകാരനടക്കം ആറുപേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.