നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലി ആഘോഷം; ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയില്‍ പലയിടങ്ങളും ചൊവ്വാഴ്ച രാവിലെ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ മേഖലകളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. ഈ അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണമായത്.
വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്നത് ബാവന(434), നരേല(418), രോഹിണി(417), ആര്‍.കെ പുരം(417), ദ്വാരകനരേല(404), ഒഖ്‌ലനരേല(402) തുടങ്ങിയ സ്ഥലങ്ങളിലാണ്.
Also Read; ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന് ഇന്ന് ശിക്ഷ വിധിക്കും
നഗരത്തിന്റെ വായു ഗുണനിലവാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കുത്തനെ ഇടിഞ്ഞിരുന്നു. ലോകാരോഗ്യസംഘടന ശുപാര്‍ശചെയ്യുന്ന അന്തരീക്ഷത്തിലെ ഹാനികരമായ കണങ്ങളുടെ അളവിന്റെ നൂറുമടങ്ങാണ് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ആഴ്ചകളില്‍ രേഖപ്പെടുത്തിയത്. ഇതിനിടെ അപ്രതീക്ഷിത മഴ ലഭിച്ചതോടെ ദീപാവലി ദിനത്തില്‍ വായുഗുണനിലവാര സൂചിക മെച്ചപ്പെട്ട് 218 വരെയെത്തിയിരുന്നു. എന്നാല്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ വലിയതോതില്‍ പടക്കംപൊട്ടിച്ചതോടെ വായു ഗുണനിലവാരം വീണ്ടും മോശമാവുകയായിരുന്നു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































