December 18, 2025
#Top News

പ്രതിഷേധം ഫലം കണ്ടു, നൂറനാട് മണ്ണെടുപ്പ് നിര്‍ത്തിവെക്കും

ആലപ്പുഴ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആലപ്പുഴ നൂറനാട് മലകള്‍ ഇടിച്ച് മണ്ണ് എടുക്കുന്നത് നിര്‍ത്തിവെക്കും. കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനമെടുക്കുകയും മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തു. മന്ത്രി പി പ്രസാദ് ഇന്ന് സ്ഥലത്തെത്തി പ്രതിഷേധക്കാരെ കാണുന്നതോടോപ്പം മലയിടിക്കരുതെന്ന ശക്തമായ നിലപാടാണ് തനിക്കുള്ളതെന്ന് അതിന് സാധ്യമായ എല്ലാ നടപടികളിലേക്കും നീങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു.

പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടെന്നും സര്‍വ്വകക്ഷി യോഗത്തിന് ശേഷം മന്ത്രി പി പ്രസാദ് പ്രതികരിച്ചു. വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കും. മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല. ജിയോളജി വകുപ്പില്‍ വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കും. സ്ഥല പരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും എങ്ങനെയാണ് വീഴ്ച്ച സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

Also Read; രാജ്യത്ത് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് കര്‍ശന പരിശോധന ഏര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍

മണ്ണെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസുമായി സംഘര്‍ഷമുണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പ്രതിഷേധിക്കാര്‍ക്കെതിരായ ഈ പൊലീസ് നടപടി പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്താനും സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി.

 

 

Leave a comment

Your email address will not be published. Required fields are marked *