മോദിക്കെതിരെ പരാമര്‍ശം: മൂന്ന് മന്ത്രിമാരെ പുറത്താക്കി മാലദ്വീപ്, ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മൂന്ന് മന്ത്രിമാരെ മാലദ്വീപ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഹൈക്കമ്മീഷണറെ ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
അതിരുകടന്ന പരാമര്‍ശങ്ങള്‍…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ മന്ത്രിമാര്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മാലദ്വീപ് സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. വിദേശ നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും സര്‍ക്കാരിന്റെ നിലപാടല്ലെന്നും മാലദ്വീപ് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. മാലദ്വീപ് മന്ത്രിമാരായ മറിയം ഷിവുന, അബ്ദുല്ല മഹ്‌സൂം മാജിദ് എന്നിവരാണ് മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയത്. സംഭവത്തില്‍ ഇന്ത്യ മാലദ്വീപിനെ അതൃപ്തി അറിയിച്ചിരുന്നു.
ഇസ്രയേലിന്റെ പാവ മിസ്റ്റര്‍ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു, എന്തൊരു കോമാളി – മറിയം ഷിവുന എക്‌സില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിലേക്ക് സഞ്ചാരികളെ ക്ഷണിച്ചുകൊണ്ട് പോസ്റ്റിട്ടതാണ് മാലദ്വീപ് മന്ത്രിമാരെ വെറളി പിടിപ്പിച്ചത്. ഇന്ത്യക്കാരുടെ പ്രധാന ടൂറിസം കേന്ദ്രമാണ് മാലദ്വീപ്. വിവാദം ചൂടുപിടിച്ചതോടെ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവര്‍ മാലദ്വീപിനെതിരെയും ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍, ജോണ്‍ എബ്രഹാം, ശ്രദ്ധകപൂര്‍ എന്നിവരും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ലക്ഷദ്വീപ് മനോഹാരിതയെ കുറിച്ച് സാമൂഹിക മാധ്യമത്തില്‍ എഴുതി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































