സ്ത്രീധനമായി സ്‌കോര്‍പിയോ ആവശ്യപ്പെട്ടു; നിരസിച്ചപ്പോള്‍ യുവതിയെ മുത്തലാഖ് ചൊല്ലി

ലഖ്‌നൗ: സ്ത്രീധനമായി ആവശ്യപ്പെട്ട സ്‌കോര്‍പിയോ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് സംഭവം. ഇയാള്‍ക്കെതിരെ മുസ്ലിലം വിവാഹ നിയമപ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു. 2015 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ആ സമയത്ത് പിതാവ് പതിനഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
വിവാഹശേഷം ഭര്‍ത്താവും കുടുംബാംഗങ്ങളും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതി പറയുന്നു. സ്ത്രീധനം നല്‍കാന്‍ കഴിയാതെ വന്നതോടെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. രണ്ടാം വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവ് തന്നെ കഴിഞ്ഞ വര്‍ഷം വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായും യുവതി പരാതിപ്പെട്ടു. അടുത്തിടെ ഭര്‍ത്താവ് തന്റെ വീട്ടിലെത്തി സ്ത്രീധനമായി സ്‌കോര്‍പിയോ ആവശ്യപ്പെട്ടു. നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇയാള്‍ക്കെതിരെ മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം