റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും മടങ്ങി
തിരുവനന്തപുരം: ഒരുമിച്ച് ഒരേ വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞെങ്കിലും നേരില്‍ സംസാരിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല.
Also Read ; 30000 വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലെത്തി പഠിക്കാം: റിപ്പബ്ലിക് ദിനത്തില്‍ ഫ്ര്ഞ്ച് പ്രസിഡന്റിന്റെ സമ്മാനം
കലാപരിപാടികള്‍ ഒരുമിച്ചിരുന്ന് ആസ്വദിച്ച ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതോടെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കില്ലെന്നാണ് വിലയിരുത്തല്‍. ചടങ്ങ് കഴിഞ്ഞ് മടങ്ങവെ മുഖ്യമന്ത്രിക്ക് ഹസ്തദാനം നല്‍കാനും ഗവര്‍ണര്‍ തയ്യാറായില്ല.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഇന്നലെ നിയമസഭയിലെത്തി നയപ്രഖ്യാപനം വായിച്ച ഗവര്‍ണര്‍ എന്നാല്‍ കേന്ദ്ര വിമര്‍ശനം ഉള്‍ക്കൊള്ളുന്ന ഭാഗം വായിക്കാന്‍ തയ്യാറായിരുന്നില്ല. കേവലം ഒരു മിനുട്ടും 17 സെക്കന്റും മാത്രമാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനായി ചിലവഴിച്ചത്.
മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ടെത്തി ഗവര്‍ണറെ സ്വീകരിച്ചെങ്കിലും ഇരുവരും തമ്മില്‍ സംസാരിച്ചില്ല. അവസാന ഖണ്ഡിക വായിച്ച് തീര്‍ത്ത ഉടന്‍ ഗവര്‍ണര്‍ സഭ വിട്ടു. ഗവര്‍ണര്‍ വായിക്കാത്ത ഭാഗത്താണ് കേന്ദ്രത്തിനെതിരായ വിമര്‍ശനമടക്കം ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ ഗവര്‍ണര്‍ക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കം രംഗത്തെത്തിയിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































