ഫെറാരി എഞ്ചിന്‍ ഘടിപ്പിച്ച സിനിമയല്ല മലൈക്കോട്ടെ വാലിബന്‍; ഫസ്റ്റ് ഷോ കഴിഞ്ഞ ഉടനെ സിനിമക്കെതിരെ ആക്രമണം, എങ്ങനെ രണ്ടാം ഭാഗമുണ്ടാകും; പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സൈബറിടത്തില്‍ നെഗറ്റീവ് കാമ്പയിന്‍ ശക്തമാകുമ്പോഴാണ് വിമര്‍ശനവുമായി ലിജോ രംഗത്തു വന്നത്. കണ്ടു പരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാം സിനിമകളിലും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ലിജോ പറഞ്ഞു. ഫെരാരി എന്‍ജിന്‍ ഉപയോഗിച്ച് ഓടുന്ന വണ്ടിയല്ല ഈ സിനിമ. മുത്തശ്ശിക്കഥയുടെ വേഗം മാത്രമുള്ള ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read ;കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യത; സുരേന്ദ്രന്റെ പദയാത്രക്ക് ശേഷം പ്രഖ്യാപനം
ഒന്നര വര്‍ഷത്തോളം കഷ്ടപ്പെട്ടാണ് മലൈക്കോട്ടെ വാലിബന്‍ ചിത്രീകരിച്ചത്. നമ്മുടെ കാഴ്ച വേറെ ഒരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. നമ്മുടെ കാഴ്ച നമ്മുടെ മാത്രം കാഴ്ചയാകണം. നമുക്ക് കിട്ടിയ രുചി വേറൊരാളുടെ നാവില്‍ നിന്നു കിട്ടിയ രുചിയാകരുത്. നിങ്ങളുടെ അഭിപ്രായം അറിയാന്‍ സ്വയം കണ്ട് വിലയിരുത്തുക. ഇപ്പോഴും ഒരു മാറ്റവും വരുത്താന്‍ ആലോചിക്കുന്നില്ല, സ്വാധീനിക്കുവാനും ഉദ്ദേശിക്കുന്നില്ല.
ഫസ്റ്റ് ഷോ കഴിഞ്ഞത് മുതല്‍ ഈ സിനിമക്കെതിരെ ആക്രമണം നടക്കുന്നു. ആദ്യ ഷോയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായങ്ങള്‍ ഒരിക്കലും സത്യമാകണമെന്നില്ല. രാവിലെ ആറ് മണിക്ക് കാണുന്ന ഓഡിയന്‍സും വൈകീട്ട് വരുന്ന ഓഡിയന്‍സും രണ്ടും രണ്ടാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ രാവിലെ ഷോ കഴിഞ്ഞു വരുന്ന ഓഡിയന്‍സ് പറഞ്ഞു പരത്തുന്ന അഭിപ്രായം മറ്റുള്ളവരെ സ്വാധീനിക്കുന്നു. എന്തിനാണ് ഈ വിദ്വേഷം പ്രചരിപ്പിക്കുന്നത്? എന്ത് ഗുണമാണ് ഇതില്‍ നിന്ന് ലഭിക്കുന്നത് ? – ലിജോ ചോദിച്ചു.
റിലീസായ ശേഷം വരുന്ന പ്രതികരണങ്ങളില്‍ ചിലത് ഷോക്കിങ്ങായിരുന്നു. എല്ലാവരുടെയും മനസ് മടുത്ത നിലയിലാണ്. അതുകൊണ്ടാണ് എനിയ്ക്കിവിടെ ഒറ്റയ്ക്കിരുന്ന് സംസാരിക്കേണ്ടി വന്നത്. ഇതൊരു മാസ് പടമാണെന്നും ഫാന്‍സ് സിനിമയാണെന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഇതൊരു യോദ്ധാവിന്റെ യാത്രയാണ്. ആദ്യഭാഗം വിജയിപ്പിക്കണം, എന്നാലേ രണ്ടാം ഭാഗത്തിലേക്ക് കടക്കാന്‍ പറ്റൂ-ലിജോ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം