ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ; പത്ത് എന്‍ എസ് ജി കമാന്‍ഡോകള്‍, രാജ്ഭവനും ഇനി കേന്ദ്ര വലയത്തില്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സേനയുടെ സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഗവര്‍ണര്‍ക്ക് സി ആര്‍ പി എഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. ഇസഡ് പ്ലസ് കാറ്റഗറിയിലാവും സുരക്ഷ. ഇതോടെ പോലീസ് സുരക്ഷ ഒഴിവാക്കി. കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ച് സാഹചര്യം അറിയിച്ചിരുന്നു. 55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍ എസ് ജി കമാന്‍ഡോകള്‍ ഉണ്ടാവും. രാജ്ഭവനും സമാന സുരക്ഷ ഏര്‍പ്പെടുത്തും.
Also Read ; പെന്‍ഷന്‍ മുടങ്ങിയതിന് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു
കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിന്റെ എഫ്ഐആര്‍ കാണിച്ചതോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധം അവസാനിപ്പിച്ചത്. 17 പേര്‍ക്കെതിരെ കേസെടുത്തതിന്റെ എഫ്ഐആര്‍ പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ രണ്ട് മണിക്കൂറോളം നീണ്ട ‘ഇരിപ്പുസമരം’ അവസാനിപ്പിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
‘സ്വാമി സദാനന്ദ ആശ്രമത്തില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ഇവിടെ എത്തിയപ്പോള്‍ ചില ആളുകള്‍ എന്റെ കാര്‍ ആക്രമിച്ചു. നിശ്ചിത അകലം പാലിച്ച് കരിങ്കൊടി കാണിക്കുന്നതില്‍ പ്രശ്നമില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ കാറിന്റെ തൊട്ടടുത്ത് എത്തിയതോടെയാണ് ഞാന്‍ പുറത്തേക്ക് ഇറങ്ങിയത്. പൊലീസ് എഫ്ഐആര്‍ പ്രകാരം 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവിടെ എത്ര പൊലീസുകാര്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയാണ് ഇതുവഴി കടന്നുപോകുന്നതെങ്കില്‍ കരിങ്കൊടിയേന്തിയ പ്രതിഷേധക്കാരെ കാര്‍ ആക്രമിക്കാന്‍ അനുവദിക്കുമോയെന്നാണ് എന്റെ ചോദ്യം. പൊലീസിനെ പഴിചാരുകയല്ല. മുഖ്യമന്ത്രിയാണ് നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസിന് നിര്‍ദേശം കൊടുത്തത് മുഖ്യമന്ത്രിയാണ്. പ്രതിഷേധക്കാര്‍ പാര്‍ട്ടിയുടെ ദിവസവേതനക്കാരാണ്.
കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത മുഴുവന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതിന്റെ എഫ്ഐആര്‍ കൈയ്യില്‍ കിട്ടിയാല്‍ മാത്രമെ സംഭവസ്ഥലത്ത് നിന്നും പോകൂവെന്ന നിലപാടിലായിരുന്നു ഗവര്‍ണര്‍. 12 പേരെ അറസ്റ്റ് ചെയ്തതായുള്ള രേഖ പൊലീസ് ആരിഫ് മുഹമ്മദ് ഖാനെ കാണിച്ചതോടെ കൂടുതല്‍ പേര്‍ കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്തെന്നും എഫ്ഐആര്‍ തന്നെ കാണിച്ചാല്‍ മാത്രമെ ഇവിടെ നിന്നും എഴുനേല്‍ക്കുകയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അതിനിടെ ഗവര്‍ണര്‍ പൊലീസുകാരില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































