ഇരുട്ടത്ത് ആനയെ കണ്ടില്ല, വിദ്യാര്‍ഥിയെ തൂക്കിയെറിഞ്ഞു, വയനാട്ടില്‍ വീണ്ടും കാട്ടാനയാക്രമണം

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാനാക്രമണം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആന ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. പുല്‍പ്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. പാക്കം കാരയില്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ വിജയന്‍ – കമലാക്ഷി ദമ്പതികളുടെ മകന്‍ പതിനാലുകാരനായ ശരത്താണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
Also Read ; ജാതി അധിക്ഷേപം; കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ടതാണെന്ന് ആരോപണം
ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കോളനിയില്‍നിന്ന് അഞ്ഞൂറ് മീറ്റര്‍ മാത്രം അകലെയുള്ള കടയില്‍നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി കൂട്ടുകാര്‍ക്കൊപ്പം മടങ്ങുകയായിരുന്നു. ഇവര്‍ക്ക് വരുന്നയിടങ്ങളില്‍ വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ കാട്ടാന നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞില്ലെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ആന തൊട്ടടുത്തെത്തിയതും ചിന്നംവിളിച്ച് ശരത്തിനെ തുമ്പിക്കൈയില്‍ തൂക്കിയെറിയുന്നതാണ് തങ്ങള്‍ കണ്ടതെന്ന് ഇവര്‍ വ്യക്തമാക്കി.
നിലത്തുവീണ ശരത്തിനെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ആന ഓടിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടവര്‍ കോളനിയിലുള്ള മുതിര്‍ന്നവരെ വിവരം അറിയിച്ചതിന് ശേഷമാണ് ശരത്തിനെ സംഭവസ്ഥലത്തുനിന്നെടുത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. പുല്‍പ്പള്ളിയിലെ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വീടെത്താന്‍ ഏതാനും മീറ്റര്‍ മാത്രം ദൂരമുണ്ടായിരുന്നിടത്ത് വെച്ചാണ് ആക്രമിക്കപ്പെട്ടത്. കാരേരി, പാക്കം പ്രദേശങ്ങളില്‍ ജനജീവിതം ദുസഹമാക്കുന്ന തരത്തില്‍ വന്യമൃഗശല്യം രൂക്ഷമായതായി പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം