January 22, 2025
#kerala #Top News

കഞ്ചാവ് കൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി

അഗളി: കഞ്ചാവുകൃഷി നശിപ്പിക്കാന്‍ പോകുന്നതിനിടെ വഴിതെറ്റി വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരിച്ചെത്തി. അഗളി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് അട്ടപ്പാടി വനത്തില്‍ ഒരു രാത്രി മുഴുവന്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി വൈകി വനത്തിലെത്തിയ റെസ്‌ക്യൂ സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ഇവരെ തിരിച്ചെത്തിച്ചത്.

Also Read : ഗവര്‍ണര്‍ക്ക് ഇനി സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

കഞ്ചാവ് തിരച്ചിലിനായി ഗൊട്ടിയാര്‍കണ്ടിയില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഘം കാട്ടിലേക്ക് പോയത്. എന്നാല്‍ ഭവാനിപ്പുഴയ്ക്കടുത്ത് മല്ലീശ്വരന്‍ മുടിയോടനുബന്ധിച്ച് കിടക്കുന്ന വിദൂര ഊരായ മുരുഗളയ്ക്കും ഗൊട്ടിയാര്‍കണ്ടിക്കുമിടയിലുള്ള നിബിഡ വനത്തില്‍ സംഘം കുടുങ്ങുകയായിരുന്നു. കഞ്ചാവുതോട്ടം നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് സംഘം വഴിതെറ്റി മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തിയത്. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഫോണിന് റേഞ്ചുണ്ടായിരുന്നതിനാല്‍ കുടുങ്ങിയ വിവരം ഉടന്‍ അധികൃതരെ അറിയിക്കുകയായിരുന്നു.

ഡിവൈ.എസ്.പി. എസ്. ജയകൃഷ്ണനുപുറമേ, പുതൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജയപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍വര്‍, സുബിന്‍, വിശാഖ്, ഓമനക്കുട്ടന്‍, സുജിത്ത്, രാഹുല്‍ എന്നിവരും അട്ടപ്പാടി റേഞ്ചിലെ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് രണ്ട് ബീറ്റ് ഫോറസ്റ്റോഫീസര്‍മാരും മൂന്ന് വാച്ചര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രിയോടെ പോലീസും വനംവകുപ്പും ഇവരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോയ ദ്രുതപ്രതികരണ സേനയടക്കമുള്ള സംഘം പുലര്‍ച്ചെ ഒരു മണിയോടെ ഇവരുടെ അടുത്തെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ച് പുലര്‍ച്ചെയോടെ തിരിച്ചെത്തിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. യു.ആഷിക്ക് അലി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *