കാട്ടാന വീട്ടില്‍ കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം; കനത്ത പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ച് സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഇന്ന് രാവിലെയാണ് കര്‍ണാകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിട്ട ആന ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊന്നത്. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വയനാട്ടില്‍ വന്യജീവി ആക്രമണം നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരികയാണ്. കരടിയും കടുവകളും കഴിഞ്ഞ ദിവസം വയനാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കാട്ടാന ജനവാസ മേഖലയിലിറങ്ങിയ വിവരം ലഭിച്ചിട്ടും ജനങ്ങളെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പത്ത് മിനുട്ട് മുമ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അജിയുടെ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൊയിലേരി താന്നിക്കല്‍ മേഖലയിലാണ് ആന ഇപ്പോഴുള്ളത്. അജിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലും ആളുകള്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കാതെയാണ് നാട്ടുകാരുടെ പ്രതിഷേധം.