ഭീതിയൊഴിയാതെ മാനന്തവാടി; ആനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. പുലര്‍ച്ചെ അഞ്ചരയോടെ മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി.
നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് ഇന്നത്തെ തിരച്ചിലും നടക്കുക. ഏറുമാടംകെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഒരാള്‍പൊക്കത്തിലുള്ള കുറ്റിക്കാടുകളും റേഡിയോ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാത്തതും ആനയെ മയക്കുവെടി വെക്കുന്നത് ദീര്‍ഘിപ്പിക്കുകയാണ്. മിഷന്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടി 200 അംഗ ദൗത്യസേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയാണ്. മയക്കുവെടി വെച്ചാല്‍ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. ആന കര്‍ണാടക വനത്തിലേക്ക് കടക്കാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനെതിരെ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് കര്‍ഷക സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്.