October 18, 2024
#kerala #Top Four

ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

കോഴിക്കോട്: ജനങ്ങള്‍ക്ക് സുരക്ഷനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ വനംമന്ത്രി രാജിവെക്കണമെന്ന് താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആളുകള്‍ തുടര്‍ച്ചയായി മരിക്കുമ്പോഴും സര്‍ക്കാരിന് ഒരനക്കവുമില്ലെന്നും കര്‍ഷകരോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും പറഞ്ഞ താമരശ്ശേരി ബിഷപ്പ് വനംമന്ത്രിയോട് രാജിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

Also Read ; പൂക്കോട് വെറ്റിനറി കോളേജിലെ ആള്‍ക്കൂട്ട വിചാരണ ആദ്യമായല്ല; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം ഏറ്റതായി വിവരം

വനംമന്ത്രി രാജിവെക്കണമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഒരു കാര്യംചെയ്യാന്‍ കഴിവില്ലാത്തവരാണെന്ന് കണ്ടുകഴിഞ്ഞാല്‍ അവിടെ നില്‍ക്കുന്നതില്‍ എന്തുകാര്യമാണുള്ളത്? ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരക്കാര്‍ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഈ പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വര്‍ഷങ്ങളായുള്ളതാണ്. സര്‍ക്കാരിന് കൃത്യമായി സൂചന നല്‍കുന്നുണ്ട്. വയനാട്ടിലും ഇടുക്കിയിലും വന്യമൃഗശല്യം തുടര്‍ച്ചയായി ഉണ്ടാവുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ ആയിരത്തിലധികം ആളുകളാണ് മരിച്ചത്. എന്നിട്ടും ഒരനക്കവുമില്ലാതെയിരിക്കുന്ന സര്‍ക്കാരിന് കര്‍ഷകരോട് നിഷേധാത്മക സമീപനമാണെന്നും ഇതില്‍ അതിയായ ദുഃഖവും വേദനയും പ്രതിഷേധവുമുണ്ടെന്നും’ താമരശ്ശേരി ബിഷപ് പറഞ്ഞു.

‘പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടേ മതിയാവൂ. കടലാക്രമണം ഉണ്ടായാല്‍ ആ ഭാഗത്ത് കടല്‍ ഭിത്തികെട്ടി സംരക്ഷിക്കും. റോഡ് അപകടമുണ്ടായാല്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും. കര്‍ഷകര്‍ ഇത്തരം ബുദ്ധിമുട്ടിലേക്ക് എത്തുമ്പോള്‍ നഗരത്തിലുള്ളവര്‍ക്ക് ആ വിഷമം മനസിലാവില്ല. നാട്ടില്‍ പുലിയിറങ്ങിയാല്‍ വിദ്യാര്‍ഥികള്‍ക്ക് എങ്ങനെ സ്‌കൂളില്‍ പോകാന്‍ സാധിക്കും? കൃഷിയിടത്തിലേക്ക് എങ്ങനെ ധൈര്യമായി ഇറങ്ങാന്‍ സാധിക്കും? പുറമേനിന്ന് ആളുകള്‍ എങ്ങനെ ഈ പ്രദേശത്തേക്ക് വരും? എല്ലാം വലിയ ഭീതിയിലാവുകയല്ലേ? ആ മാനസികവ്യഥ എത്ര ശക്തമാണ്? എന്തുകൊണ്ടാണ് ഇത് മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്തത്? ഞങ്ങളുടെ ആവശ്യം ഇതാണ്, ഞങ്ങളെ സംരക്ഷിക്കണം. ജീവിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങള്‍ക്ക് നടത്തിത്തരണം’, എന്നും മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

‘ഇവിടെ വനംവകുപ്പാണ് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത്. ഒരാള്‍ ആക്രമിക്കാന്‍ വന്നാല്‍ സ്വയരക്ഷക്കുവേണ്ടി പ്രതിരോധം സ്വീകരിക്കാനുള്ള അവകാശമില്ലേ, കോടതിപോലും അത് അനുവദിച്ചുതരുന്നുണ്ട്. ഞങ്ങളുടെ പറമ്പിലേക്ക് കയറിവന്ന് മൃഗങ്ങള്‍ ആക്രമിക്കുമ്പോള്‍ സ്വയംസംരക്ഷിക്കാനുള്ള അവകാശം മാത്രം തന്നാല്‍ മതി. ഞങ്ങള്‍ അത് ചെയ്യുമ്പോള്‍ അറസ്റ്റുചെയ്യാന്‍ വരാതിരുന്നാല്‍ മതി. അതാണ് വനംവകുപ്പിന് ഞങ്ങള്‍ക്കുവേണ്ടി ചെയ്തുതരാന്‍ കഴിയുന്ന നടപടി’, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *