September 7, 2024
#Politics #Top Four

രാത്രിയോടെ വീട്ടിലെത്തി ഫോണുകള്‍ പിടിച്ചെടുത്തു; നാടകീയതക്കൊടുവില്‍ കെജ്‌രിവാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദിവസം മുഴുവന്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അറസ്റ്റ് അടക്കം അന്വേഷണ ഏജന്‍സിയുടെ തുടര്‍ നടപടികളില്‍ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഇഡി കെജ്‌രിവാളിന്റെ വസതിയിലെത്തി വ്യാഴാഴ്ച രാത്രി 9.15 ഓടെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയായിരുന്നു സെര്‍ച്ച് വാറന്റുമായി ഇ.ഡി സംഘം വീട്ടിലെത്തിയിരുന്നത്. ഇതേതുടര്‍ന്ന് വീടിനു പുറത്തു വന്‍ പോലീസ് സന്നാഹമാണ് വിന്യസിച്ചിരുന്നത്. മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്രിവാള്‍ ഹാജരായിരുന്നില്ല. ഇതിനെതുടര്‍ന്ന് അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ വീടിനു പുറത്തു എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കെജ്രിവാളിന്റെ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബര്‍ 17നാണു പ്രാബല്യത്തില്‍ വന്നത്. ലഫ്. ഗവര്‍ണറായി വി.കെ.സക്‌സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് ഈ മദ്യനയം പിന്‍വലിക്കുകയായിരുന്നു.

Also Read; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സീറ്റില്‍ കെ.അണ്ണാമലൈ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ട്

ടെന്‍ഡര്‍ നടപടികള്‍ക്കു ശേഷം ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കു സാമ്പത്തിക ഇളവുകള്‍ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം ഉന്നയിച്ചത്. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഇ.ഡിയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 6 വരെ നീട്ടി. ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 9നു ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *