ബൂത്തുകളില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കല്‍: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സ്ഥിരതാമസമില്ലാത്തവരുടെയും അന്യ സംസ്ഥാന തൊഴിലാളികളുടെയും പ്രദേശങ്ങളില്‍ കേട്ടുകേള്‍വി പോലുമില്ലാത്തവരുടെയും വോട്ട് ചേര്‍ത്തുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എല്‍ ഡി എഫ് തൃശൂര്‍ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജന.സെക്രട്ടറി കെ പി രാജേന്ദ്രന്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കി. അടഞ്ഞുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും കേന്ദ്രീകരിച്ചും വോട്ടര്‍പട്ടികയില്‍ നിന്നും ഐ ഡി കാര്‍ഡ് നമ്പറുകളും വീട്ടുനമ്പറുകളും എടുത്ത് വീടുകളില്‍ താമസിക്കുന്നവര്‍ പോലുമറിയാതെയും വ്യാജ വാടക കരാറുകള്‍ ഉണ്ടാക്കിയും സ്ഥലത്തില്ലാത്തവരുടെയും പ്രദേശത്ത് താമസമില്ലാത്തവരുടെയും വോട്ട് ചേര്‍ക്കുന്നത് വ്യാപകമായി നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. 2024 ജനുവരി 22-ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചശേഷമാണ് ഇത്തരത്തില്‍ പുതുതായി പ്രസിദ്ധീകരിക്കാനിരിക്കുന്ന വോട്ടര്‍പട്ടികയില്‍ വരത്തക്കവിധം വോട്ടുകള്‍ ചേര്‍ത്തിവരുന്നത്. ഇത്തരം തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി സത്വരനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച ജില്ലാ കളക്ടര്‍, വിഷയത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































