പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്, കലക്ടര്‍ വിശദീകരണം തേടി
കോഴിക്കോട്: മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്. പരാതിയില്‍ മന്ത്രിയോട് ജില്ലാ കലക്ടര്‍ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് വ്യക്തമാക്കിയാണ് കലക്ടര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എളമരം കരീ ഉള്‍പ്പെടെ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്.
‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ ഇടതുസര്‍ക്കാര്‍ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നാണ് മന്ത്രി പ്രസംഗത്തിനിടയില്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയത് ചട്ടലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. അതേസമയം, പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും നടത്തിയത് പഴയ പ്രഖ്യാപനത്തെക്കുറിച്ചാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഒപ്പം സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇനിയും പറയുമെന്നും റിയാസ് പറയുന്നു.
പ്രസംഗം ചിത്രീകരിച്ചയാളെ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം വേദിക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അരമണിക്കൂറിനു ശേഷമാണ് വീഡിയോഗ്രഫറെ പുറത്തേക്കുവിട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച സംഘത്തില്‍പ്പെട്ടയാളാണ് വീഡിയോഗ്രഫര്‍.
വേദിയിലുണ്ടായിരുന്ന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍ തൊട്ടടുത്തുള്ള ഇടതു സ്ഥാനാര്‍ഥി എളമരം കരീമിന് വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടര്‍ന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ ഗ്രീന്‍ റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അല്‍പസമയത്തിനകം വീഡിയോഗ്രഫര്‍ പുറത്തേക്ക് വന്ന് തനിക്കൊപ്പം വന്ന് മറ്റൊരാളെ അകത്തേക്കു വിളിച്ചു.
5.53ന് അകത്തേക്കു കൂട്ടിക്കൊണ്ടുപോയ വീഡിയോഗ്രഫറെ പ്രസംഗത്തിനുശേഷം 6.24ന് ആണു പുറത്തേക്കു വിട്ടത്. ക്യാമറയിലെ വീഡിയോ പരിശോധിച്ച ശേഷമാണ് പുറത്തേക്കു വിട്ടതെന്നാണ് സൂചന. സ്പോര്‍ട്സ് ഫ്രറ്റേണിറ്റിയെന്ന പേരില്‍ പുതുതായി തുടങ്ങിയ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































