സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ആവേശോജ്വലമായ വരവേൽപ്പാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ഒരുക്കിയിട്ടുള്ളത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കല്‍പ്പയിൽ നടക്കുന്ന റോഡ് ഷോയിൽ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും.
Also Read ; റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥിയില്ലാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടിക
കണ്ണൂരിൽ നിന്ന് ഹെലികോപ്റ്ററിൽ മൂപ്പെനാട് റിപ്പൺ തലയ്ക്കൽ ഗ്രൗണ്ടിലാണ് രാവിലെ രാഹുൽ എത്തുക. 11 മണിയോടെ കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും. ഇത്തവണ രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തെ റോഡ് ഷോ സമാപനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം