സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി, വിവരങ്ങള്‍ ശേഖരിക്കും

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഈ സംഘം എത്തിയത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ബന്ധുക്കളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
Also Read;അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി; ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു
അന്വേഷണസംഘം കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കും. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്പി ടി പി സജീവനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. നേരത്തെ നടപടി ക്രമങ്ങള്‍ വൈകിയതില്‍ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറി ഉടന്‍ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എത്രയും വേഗം ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണം. സിബിഐ അന്വേഷണം വൈകുന്നതില്‍ ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചിരുന്നു. അന്വേഷണം നിരസിക്കാന്‍ സിബിഐക്ക് അധികാരമില്ല. കാലതാമസം അന്വേഷണത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കാലതാമസമുണ്ടായാല്‍ ഇരയ്ക്ക് നീതി കിട്ടിയെന്ന് വരില്ല. ക്ലറിക്കല്‍ നടപടികള്‍ മാത്രമാണല്ലോ ബാക്കിയെന്നും ഇത് അന്വേഷണം ഏറ്റെടുക്കാന്‍ തടസമാണോയെന്നും ഹൈക്കോടതി ചോദിച്ചു.
നേരത്തെ വിജ്ഞാപനം ഇറങ്ങാത്തതിനാലാണ് അന്വേഷണം വൈകുന്നതെന്നായിരുന്നു സിബിഐ കോടതിയില്‍ പറഞ്ഞത്. ഒരു കേസ് സിബിഐ ഏറ്റെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ഉത്തരവിറക്കിയാല്‍ മാത്രമേ സിബിഐക്ക് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സാധിക്കൂവെന്നാണ് സിബിഐ കോടതിയില്‍ പറഞ്ഞത്.
18 ദിവസം വൈകിയാണ് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശാണ് കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി ഒമ്പതിന് വീണ്ടും പരിഗണിക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം