പാനൂര്‍ ബോംബ് സ്‌ഫോടനം; എഫ്‌ഐആറില്‍ രണ്ട് പേരുകള്‍ മാത്രം, അന്വേഷണം മെല്ലെപ്പോക്കെന്ന് പരാതി

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തിലെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് പരാതി. നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിട്ടും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശമില്ല. എഫ്‌ഐആറില്‍ ആകെ രണ്ട് പേരുടെ പേരുകള്‍ മാത്രമാണുളളത്. പോലീസ് അന്വേഷണത്തെ കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിലുളള ബോംബ് നിര്‍മ്മാണമുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
സിപിഎം അനുഭാവിയായ യുവാവ് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടത്. പത്തോളം പേരാണ് മൂളിയന്തോട് നിര്‍മാണത്തിലിരുന്ന വീട്ടില്‍ ബോംബുണ്ടാക്കാനായി ഒത്തുകൂടിയതെന്നാണ് വിവരം. എന്നാല്‍ ഇതുവരെയും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
Also Read; പാനൂരില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സമാധാന സന്തേശയാത്ര തുടങ്ങി
സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്ന് വിവരമുണ്ടെങ്കിലും പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. മരിച്ച ഷെറിന്‍, ഗുരുതരമായി പരിക്കേറ്റ വിനീഷ് എന്നിവരെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തികളെ അപായപ്പെടുത്തണമെന്ന ഉദേശത്തോടെ ബോംബ് നിര്‍മ്മിക്കുമ്പോള്‍ പൊട്ടിത്തെറിച്ചുവെന്നാണ് എഫ്‌ഐആറിലുളളത്. കോഴിക്കോടും പരിയാരത്തുമായി പരിക്കേറ്റവര്‍ ചികിത്സയിലുണ്ടെങ്കിലും ഇവരെ പ്രതി ചേര്‍ത്തിട്ടില്ലെന്നാണ് വിവരം.