September 7, 2024
#kerala #Top Four

ആനയെഴുന്നള്ളിപ്പ് നിര്‍ദേശങ്ങളുമായി വനം വകുപ്പ്; അപ്രായോഗ്യമെന്ന് പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍

തൃശൂര്‍: വിഖ്യാതമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും. ഏപ്രില്‍ 19നാണ് ലോകപ്രശസ്ഥമായ തൃശൂര്‍ പൂരം. 17 ന് രാത്രി സാമ്പിള്‍ വെടിക്കെട്ടും. അന്ന് രാവിലെ തന്നെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ആനചമയ പ്രദര്‍ശനവും തുടങ്ങും. പൂരത്തോടനുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് വനം വകുപ്പ്. ഈ ഉത്തരവ് പ്രകാരം മേളം,വാദ്യം,തീവെട്ടി എന്നിവയെല്ലാം ആനകളുടെ 50 മീറ്റര്‍ അകലെയാകണമെന്നും.ആനകളുടെ 50 മീറ്റര്‍ അടുത്ത് പാപ്പാന്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ എന്നും ആനകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം വേണമെന്നും പറയുന്നുണ്ട്.ആനകള്‍ക്ക് ചുറ്റും ആളുകള്‍ നില്‍ക്കാത്ത വിധം പോലീസ് സുരക്ഷയൊരുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.എന്നാല്‍ പുതിയ ഉത്തരവ് പൂരത്തിലെ മഠത്തില്‍ വരവും പഞ്ചവാദ്യവും നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കുക എന്നാണ് ദേവസ്വങ്ങള്‍ അറിയിക്കുന്നത്.ചീഫ് വൈല്‍ഡ് വാര്‍ഡനും ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചേര്‍ന്ന് എടുത്ത ഈ തീരുമാനം ജില്ലാ കളക്ടറുമായോ ദേവസ്വങ്ങളുമായോ ആലോചിക്കാതെയാണ് എടുത്തത് എന്ന ആരോപണവും ഉയരുന്നുണ്ട്.

Also Read ;തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും
എന്തായാലും ഈ ഉത്തരവ് നടപ്പാക്കുന്നതോടെ പാറമേക്കാവ് പൂരം ഇറക്കുമ്പോള്‍ ആന ക്ഷേത്രത്തിന് മുമ്പിലും മേളം സ്വരാജ് റൗണ്ടിലുമാകുമെന്നാണ് ദേവസ്വം ചൂണ്ടികാണിക്കുന്നത്.കൂടാതെ മഠത്തില്‍ വരവിന് ആന മഠത്തിനു മുന്നിലും പഞ്ചവാദ്യം പാണ്ടിസമൂഹ മഠത്തിന് മുന്നിലുമാകും. എന്നാല്‍ അവിടെ അതിന് വേണ്ട സ്ഥലമില്ലാത്തതിനാല്‍ പഞ്ചവാദ്യം റൗണ്ടില്‍ നടത്തേണ്ട സാഹചര്യമായിരിക്കും.കൂടാതെ ഇലഞ്ഞിത്തറമേളം നടക്കുമ്പോള്‍ ആനകളെ 50 മീറ്റര്‍ അകലെ നിര്‍ത്തുകയാണെങ്കില്‍ ഭഗവതി വടക്കുംനാഥന്റെ നടയില്‍ വണങ്ങി നില്‍ക്കുന്നുവെന്നതും ഇല്ലാതാകും.ശ്രീമൂല സ്ഥാനത്തെ തിരുവമ്പാടി മേളം അവിടെ കൊട്ടാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകും.കൂടാതെ എഴുന്നള്ളിപ്പിന് വടക്കുംനാഥനിലേക്കുള്ള വഴിയുടെ പകുതിയില്‍ ആയിരിക്കും നിര്‍ത്താന്‍ സാധിക്കുക.
രാത്രി എഴുന്നള്ളിപ്പും ഘടക പൂരങ്ങളും വളരെ ബുദ്ധിമുട്ടാനും സാധ്യതയുണ്ട്.അതേപോലെ തന്നെ കുടമാറ്റ സമയത്തും ഇതേ ബുദ്ധിമുട്ട് വരാനും സാധ്യത ഏറെയാണ്. കുടമാറ്റം നടക്കുമ്പോള്‍ പകുതി ആളുകളെ മാത്രമേ വിന്യസിപ്പിക്കാന്‍ സാധിക്കുള്ളൂ. ബാക്കി വരുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ലോക പ്രശസ്തമായ കുടമാറ്റം കാണാനും കഴിയില്ല.
ഇത്തരം അപ്രായേഗ്യമായ ഉത്തരവുമായി പൂരം നടത്താന്‍ സാധിക്കില്ലെന്ന് ദേവസ്വങ്ങള്‍ പറഞ്ഞു.പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍ ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനെ അറിയിച്ചുണ്ട്.പ്രായോഗികമായ കാര്യങ്ങള്‍ നോക്കാതെയാണ് വനം വകുപ്പ് ഇത്തരം ഉത്തരവ് ഇറക്കിയതെന്ന് മന്ത്രിമാരേയും ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *