#kerala #Top Four

ഇത് അനീതിയും ഞെട്ടിക്കുന്നതുമാണ്;കോടതിയില്‍ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ലെന്ന് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് വസ്തുതാ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത.റിപ്പോര്‍ട്ട് തികച്ചും അനീതിയും ഞെട്ടിക്കുന്നതുമാണെന്നാണ് അതിജീവിത വ്യക്തമാക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശമാണ് ലംഘിക്കപ്പെട്ടിട്ടുള്ളത്.

Also Read ; കശ്മീരില്‍ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള; ബിജെപിക്ക് കെട്ടിവെച്ച പണം പോലും കിട്ടില്ല

അതിജീവിതയുടെ കുറിപ്പ്

‘ഇത് അനീതിയും ഞെട്ടിക്കുന്നതും! എന്റെ കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ വിചാരണക്കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം എനിക്ക് ലഭിക്കുകയുണ്ടായി. അത് അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു!

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. ഈ കോടതിയില്‍ എന്റെ സ്വകാര്യത നിലവില്‍ സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ഏറെ ഭയപ്പെടുത്തുന്നതാണ്. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്.

എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ, നീതിക്കായുള്ള എന്റെ പോരാട്ടം ഇനിയും തുടരും. ഓരോ ഇന്ത്യന്‍ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുകതന്നെ ചെയ്യും. സത്യമേവ ജയതേ.’

 

Leave a comment

Your email address will not be published. Required fields are marked *