കേരളത്തിലേക്ക് വരുന്നു ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; കോയമ്പത്തൂര്‍ – പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം

പാലക്കാട്: കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍ എത്തുന്നു. കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബെംഗളൂരു ഉദയ് എക്‌സപ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായ പരീക്ഷണയോട്ടം ഇന്ന് നടക്കും. ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എസി ചെയര്‍കാര്‍ ആണ് കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബെംഗളൂരു ഉദയ് എക്‌സപ്രസ്.
Also Read ; 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവക്ക്, 4ാം റാങ്ക് മലയാളിക്ക്
കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പൊള്ളാച്ചി വഴിയാണ് പരീക്ഷണയോട്ടം നടത്തുക. രാവിലെ എട്ടിന് ട്രെയിന്‍ കോയമ്പത്തൂരില്‍നിന്ന് പുറപ്പെടും. 10:45ന് പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചേരും. 11:05ന് പാലക്കാട് ജങ്ഷനില്‍ എത്തും. 11:35ന് ട്രെയിന്‍ മടങ്ങും. 2:40ന് കോയമ്പത്തൂരില്‍ എത്തും.
അടുത്തിടെയാണ് പൊള്ളാച്ചി പാത നവീകരിച്ചു വൈദ്യുതീകരണം പൂര്‍ത്തിയാക്കിയത്. പാതയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിന് പരിഹാരം കൂടിയാണ് ഡബിള്‍ ഡക്കര്‍ ട്രെയിനിന്റെ വരവ്. ബുധനാഴ്ച ഉദയ് ട്രെയിനുകള്‍ ഇല്ലാത്തതിനാലാണ് ഈ ദിവസം പരീക്ഷണയോട്ടത്തിന് തിരഞ്ഞെടുത്തത്. സേലം, പാലക്കാട് ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പരീക്ഷണയോട്ടം.
അതേസമയം ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പൊള്ളാച്ചി, കിണത്തുകടവ് വഴി പളനിയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്. കിണത്തുകടവ് സ്വദേശികളായ ഐടി ജീവനക്കാരും പൊള്ളാച്ചിയിലെ വ്യവസായികളും സമാന ആവശ്യം ഉന്നയിക്കുന്നുണ്ട്. ട്രെയിന്‍ പൊള്ളാച്ചി, കിണത്തുകടവ് വഴി പളനിയിലേക്ക് നീട്ടിയാല്‍ ബെംഗളൂരുവിലേക്കുള്ള യാത്ര സുഗമമാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ബെംഗളൂരുവിലേക്ക് നേരിട്ട് ട്രെയിനില്ലാത്തതിനാല്‍ പൊള്ളാച്ചി, ഉദുമല്‍പേട്ട്, പളനി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ബെംഗളൂരു യാത്രയ്ക്കായി കോയമ്പത്തൂര്‍, തിരുപ്പുര്‍, ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.
പാലക്കാട്ടേക്ക് ട്രെയിന്‍ നീട്ടാനുള്ള തീരുമാനത്തിനെതിരെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള പാസഞ്ചര്‍ അസോസിയേഷന്റെ കടുത്ത എതിര്‍പ്പുണ്ട്. ട്രെയിന്‍ പൊള്ളാച്ചി വഴി പളനിയിലേക്ക് നീട്ടണമെന്നാണ് ഇവരുടെയും ആവശ്യം. പാലക്കാട് നിന്ന് പ്രതിദിനം അഞ്ചു ട്രെയിന്‍ ബെംഗളൂരുവിലേക്ക് ഓടുമ്പോള്‍ പുതിയൊരു ട്രെയിനിന്റെ ആവശ്യമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പളനി, ഉദുമല്‍പേട്ട് എന്നിവിടങ്ങളില്‍നിന്ന് ബെംഗളൂരു ട്രെയിന്‍ ഇല്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം തിരുവനന്തപുരം – മധുര എക്‌സ്പ്രസുമായി (16343/44) കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബെംഗളൂരു ഉദയ് എക്‌സപ്രസ് കണക്ട് ചെയ്‌തേക്കും. ഇതോടെ തെക്കന്‍ കേരളത്തിലുള്ള ബെംഗളൂരു മലയാളികള്‍ക്കും സര്‍വീസ് ഗുണകരമാകും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം