#International

ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി; ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസഥാന്‍ മുന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന് ആരോപണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്ത്‌.
പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍ അവരുടെ ദൈനംദിന വയറുവേദനയ്ക്ക് കാരണമായെന്നും ഇത് ആരോഗ്യത്തെ മോശമാക്കിയെന്നും അദ്ദേഹം ആരോപിച്ചു. നിലവില്‍ 190 മില്യണ്‍ പൗണ്ടിന്റെ അഴിമതിക്കേസില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാനുള്ളത്.ഈ കേസിലെ വാദം കേള്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

Also Read ; കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി

ഇതേതുടര്‍ന്ന് ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ ബുഷ്‌റ ബീബിയുടെ പരിശോധന നടത്താന്‍ ഷൗക്കത്ത് ഖാനം ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസിം യൂസഫ് നിര്‍ദ്ദേശിച്ചതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍, പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്  ആശുപത്രിയില്‍ പരിശോധന നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ജയില്‍ ഭരണകൂടം ഉള്ളത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തുടര്‍ന്ന് ഇമ്രാന്‍ ഖാന്റെയും ബുഷ്റ ബീബിയുടെയും വൈദ്യപരിശോധനയ്ക്ക് ഡോ. യൂസഫിനോട് കോടതി ഉത്തരവിട്ടു. കൂടാതെ വിചാരണ വേളയില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് ഇമ്രാന്‍ ഖാനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം തന്റെ ഭാര്യ ബുഷ്റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും അതിന് പിന്നില്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറാണെന്നും കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.മാധ്യമ പ്രവര്‍ത്തകരോടാണ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഭാര്യക്കെതിരെ കേസെടുക്കുന്നതില്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന് നേരിട്ട് പങ്കുണ്ടെന്നും വിധി പ്രസ്താവിക്കുന്നതില്‍ അസിം ജഡ്ജിനെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അസിം മുനീറിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി കുറ്റങ്ങള്‍ ചുമത്തിയാണ് ഇമ്രാന്‍ ഖാന്റെ ഭാര്യയെ തടവിലാക്കിയിരിക്കുന്നത്. ഇസ്ലാമാബാദിന്റെ ബനി ഗാല വസതിയില്‍ തടങ്കലില്‍ കഴിയുകയാണ് ഇപ്പോള്‍ ബുഷ്റ ബീബി.

Leave a comment

Your email address will not be published. Required fields are marked *