പേരാമ്പ്രയില്‍ സംഘര്‍ഷത്തില്‍ പരുക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്.
പേരാമ്പ്ര : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തില്‍ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. തലയ്ക്കും വയറിനുമുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്.
Also Read; സര്‍ക്കാരിന് 100 ദിവസം കൊണ്ട് 38 കോടി നേടിക്കൊടുത്ത് ഒരു പാലം
ഇന്നലെ രാത്രി 10 മണിയോടെയാണ് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇതില്‍ യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
പൊലീസ് നടപടിക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. നില്‍ക്കാന്‍ പോലും സാധിക്കുന്ന അവസ്ഥയിലല്ല ഇവരുള്ളത്. മുകളില്‍ നിന്നുള്ള ഇടപെടല്‍ മൂലമാണ് പൊലീസ് സാരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പോയി കസ്റ്റഡിയിലെടുത്തത്. അതേസമയം എല്‍ഡിഎഫ് പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു. പരുക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ സംഘടിച്ചിരിക്കുകയാണ്. മുകളില്‍ നിന്നുള്ള നിര്‍ദേശമായതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































