ടെസ്റ്റ് ബഹിഷ്‌കരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍; പ്രതിഷേധക്കാരെ മാഫിയയാക്കി മന്ത്രി

സ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കൊണ്ടുവന്ന പരിഷ്‌കരണം നടപ്പാക്കാനാകാതെ പാളി. വ്യാഴാഴ്ചമുതല്‍ പുതിയ മാനദണ്ഡമനുസരിച്ച് ടെസ്റ്റ് നടത്താനായിരുന്നു തീരുമാനം. ഡ്രൈവിങ് സ്‌കൂളുകള്‍ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധത്തിനിറങ്ങിയതോടെ, സംസ്ഥാനത്ത് ഒരിടത്തും ടെസ്റ്റ് നടത്താനായില്ല. അടിസ്ഥാനസൗകര്യം ഒരുക്കാതെയും കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാതെയും പരിഷ്‌കരണം നടപ്പാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കി.
അനിശ്ചിതകാലത്തേക്കാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. പരിഷ്‌കരണം നടപ്പാക്കാന്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. വ്യാഴാഴ്ചമുതല്‍ പരിഷ്‌കാരം നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറത്ത് ടെസ്റ്റിങ് ഗ്രൗണ്ട് പ്രതിഷേധക്കാര്‍ അടച്ചുകെട്ടി. ടെസ്റ്റിനുള്ള വാഹനങ്ങളും നല്‍കിയില്ല.
പ്രതിഷേധത്തിനുപിന്നില്‍ മാഫിയയാണെന്നായിരുന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രതികരണം. ഇത് കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. മന്ത്രി പ്രസ്താവന പിന്‍വലിച്ചു മാപ്പുപറയണമെന്ന് സി.ഐ.ടി.യു. ആവശ്യപ്പെട്ടു. ലേണേഴ്‌സ് അടക്കമുള്ള നടപടികളുമായി സഹകരിക്കില്ലെന്നാണ് സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി. എന്നിവയടക്കമുള്ള സംഘടനകള്‍ അറിയിച്ചത്. പ്രഖ്യാപിച്ച നടപടികളുമായി മുന്നോട്ടുപോകാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം