#kerala #Top News

എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം: രണ്ടാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

കണ്ണൂര്‍: കണ്ണൂരില്‍ നിന്നുള്ള നാല് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഷാര്‍ജ, അബുദാബി, ദമ്മാം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനങ്ങള്‍ റദ്ദാക്കിയതായി യാത്രക്കാര്‍ക്ക് വിവരം ലഭിക്കുന്നത്. മേയ് 13-ന് ശേഷം മാത്രമേ ഇനി യാത്ര തുടരാനാകൂവെന്ന് വിമാനക്കമ്പനി അറിയിച്ചതായി യാത്രക്കാര്‍ പറഞ്ഞു. ഇതോടെ, വിസാകാലാവധിയും അവധിയും തീരുന്നവരുള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലായി.

Also Read ; കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന് ദാരുണാന്ത്യം

കൊച്ചി/ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസിലെ സമരം നീണ്ടുപോവുമോ എന്ന് ആശങ്ക. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കൂട്ട അവധി എടുത്തുകൊണ്ടുള്ള സമരരീതി പിന്‍വലിച്ചതായി അറിയിച്ചിട്ടില്ല. എന്നാല്‍, ചില വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുമുണ്ട്.

കൊച്ചിയില്‍നിന്ന് ഷാര്‍ജ, ദമാം, മസ്‌കറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചുമുള്ള അന്താരാഷ്ട്ര സര്‍വീസുകളും ബെംഗളൂരുവിലേക്കുള്ള ആഭ്യന്തര സര്‍വീസുമാണ് ബുധനാഴ്ച റദ്ദാക്കിയത്. യാത്രക്കാരില്‍ കുറച്ചുപേര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കിയശേഷമാണ് പുലര്‍ച്ചെ ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയത്.

തിരുവനന്തപുരത്ത് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കി സുരക്ഷാ പരിശോധനയും കഴിഞ്ഞശേഷമാണ് ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതായി അറിയിപ്പുണ്ടായത്. ഷാര്‍ജ, ചെന്നൈ, അബുദാബി, ദുബായ്, ബെംഗളൂരു, മസ്‌കറ്റ് സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തേക്ക് എത്തേണ്ട മൂന്നുവിമാനങ്ങളും സര്‍വീസ് മുടങ്ങിയവയില്‍ ഉള്‍പ്പെടുന്നു.

കരിപ്പൂരില്‍ ബുധനാഴ്ച രാവിലെ എട്ടിനും രാത്രി 11-നും ഇടയില്‍ റാസല്‍ഖൈമ, ദുബായ്, ജിദ്ദ, കുവൈത്ത്, ദോഹ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്.

കണ്ണൂരില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയും പകലുമായി ഷാര്‍ജ, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തിരികെ കണ്ണൂരിലേക്കുള്ള ബുധനാഴ്ചത്തെ സര്‍വീസുകളും റദ്ദായി. വൈകീട്ട് കുവൈത്തിലേക്കുള്ള സര്‍വീസും റദ്ദാക്കി.

ജീവനക്കാര്‍ കൂട്ടമായി സമരത്തിനിറങ്ങിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതായി കമ്പനി സി.ഇ.ഒ. അലോക് സിങ് വ്യക്തമാക്കി.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ നടപടിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പ്രതിഷേധത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും വ്യോമയാന മന്ത്രിക്ക് കത്തയച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *