ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായി അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഇടക്കാല ജാമ്യം നീട്ടിനല്‍കാനാണ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് കെജ്രിവാള്‍ കോടതിയില്‍ തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സി.ടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും കെജ്രിവാളിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്.
Also Read ; തെരഞ്ഞെടുപ്പ് അവലോകന യോഗം വിളിച്ച് ഇന്ത്യാ മുന്നണി
കെജ്രിവാളിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞിട്ടുണ്ടെന്നും കീറ്റോണ്‍ തോത് ഉയര്‍ന്നിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തുടര്‍ ചികിത്സകള്‍ അനിവാര്യമായതിനാല്‍ ജാമ്യ കാലാവധി നീട്ടിനല്‍കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കെജ്രിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായാണ് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ രണ്ടിന് കെജ്രിവാള്‍ തിരികെ തിഹാര്‍ ജയിലില്‍ എത്തണമെന്നും കോടതി നിര്‍ദേശമുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം നല്‍കിയതിനെ ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കിയിരുന്നു. ജാമ്യ കാലാവധിയില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ യാതൊരു ചുമതലയും വഹിക്കരുത് എന്നത് ഉള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. എ.എ.പി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, രാജ്യസഭാംഗമായ സഞ്ജയ് സിങ് തുടങ്ങിയവരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































