കേരളത്തില്‍ മൃഗബലി ; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍
തിരുവനന്തപുരം : കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മൃഗബലി നടത്തുന്നുണ്ടെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍.
കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉന്നയിച്ച ആരോപണം നടക്കാന്‍ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് ഡികെയുടെ ആരോപണം. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കര്‍ണാടകയില്‍ വരാനിരിക്കുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അവസാനമാണ് തീര്‍ത്തും അനൗദ്യോഗികമായും തമാശ മട്ടിലും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കര്‍ണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നില്‍. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏല്‍ക്കില്ല എന്നും ചിരിയോടെ ഡി കെ ശിവകുമാര്‍ പറഞ്ഞു.
എന്നാല്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി പൂജകളില്ല. മറ്റ് വഴിപാടുകളാണ് പ്രധാനം. ശത്രുസംഹാര പൂജയ്ക്ക് പ്രസിദ്ധം മാടായി ക്ഷേത്രമാണ്. നൂറുകണക്കിന് ശത്രുസംഹാര പൂജകള്‍ ഇവിടെ നടക്കാറുണ്ട്. അമാവാസി ദിവസം കര്‍ണാടകത്തില്‍ നിന്ന് നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. കോഴിയിറച്ചി നിവേദ്യമാണ് പ്രധാനം. എന്നാല്‍ മൃഗബലി ഇവിടെയില്ല. ക്ഷേത്രത്തില്‍ ശിവകുമാര്‍ പറഞ്ഞതുപൊലുളള പൂജയും നടന്നിട്ടില്ല. എന്നാല്‍ ക്ഷേത്രത്തോട് അനുബന്ധിച്ചുളള പൂജാരിമാരില്‍ ചിലര്‍ വീടുകളില്‍ പ്രത്യേക പൂജ നടത്താറുണ്ട്. അവിടെ ഇത്രയും വിപുലമായ മൃഗബലിയുള്‍പ്പെടെ നടന്നതായും വിവരമില്ല.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































