മുന്‍ചക്രമില്ലാതെ ദേശീയ പാതയിലൂടെ തീപ്പൊരി ചിതറിച്ച് വാഹനമോടിച്ചു ; പിന്നാലെ കാര്‍ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ അറസ്റ്റില്‍
കൊട്ടാരക്കര: മുന്‍ചക്രമില്ലാതെ ദേശീയ പാതയിലൂടെ തീപ്പൊരി ചിതറിച്ച് മുന്നില്‍ കണ്ടതിനെയെല്ലാം തട്ടിതെറിപ്പിച്ചു പായുന്ന കാറും പിന്നാലെ നാട്ടുകാരും പോലീസുകാരും.സിനിമ സ്‌റ്റൈല്‍ പ്രകടനവുമായി കാറോടിച്ച് നാട്ടുകാരെ ഭീതിയിലാക്കി ഇളമ്പള്ളൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ സാംകുട്ടി.ബുധനാഴ്ച രാത്രി ദേശീയപാതയില്‍ പുനലൂര്‍ ഇളമ്പല്‍മുതല്‍ കൊട്ടാരക്കര കിള്ളൂര്‍വരെ പതിനഞ്ച് കിലോമീറ്ററാണ് സാംകുട്ടി അപകടകരമായ രീതിയില്‍ കാറോടിച്ചത്.മറ്റൊരു കാര്‍ കുറുകേയിട്ടു തടയാന്‍ ശ്രമിച്ചെങ്കിലും കാറിനെ ഇടിച്ചുതെറിപ്പിച്ച് ആംബുലന്‍സിനേക്കാള്‍ വേഗത്തിലാണ് കാര്‍ പാഞ്ഞത്.തുടര്‍ന്ന് കാര്‍ റോഡിന്റെ മറുവശം കടന്ന് മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറി നില്‍ക്കുന്നു.
Also Read ; നാലു ദിവസങ്ങളിലായി 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍
എന്നാല്‍ ഇടിച്ചു നിന്ന കാറില്‍ നിന്നും സാംകുട്ടി പുറത്തിറങ്ങിയില്ല.
ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്ന്, ഗ്ലാസ് തകര്‍ത്താണ് ഡ്രൈവറെ പുറത്തിറക്കിയത്. അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയില്‍ പുറത്തിറങ്ങിയ സാംകുട്ടി(60)യെ പോലീസ് കൈയോടെ താലൂക്ക് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചു. ഇയാളുടെ മുഖത്ത് പരിക്കേറ്റിരുന്നു. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിന് സാംകുട്ടിയുടെ പേരില്‍ കേസെടുത്ത് പോലീസ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇയാളുടെ കാറിനു മുന്നില്‍നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാത്രി ഒന്‍പതിന് ഇളമ്പലില്‍നിന്നു യാത്രതിരിച്ച കാറിന്റെ മുന്‍ ടയര്‍ വിളക്കുടിയില്‍ എത്തിയപ്പോഴേക്കും പഞ്ചറായി.പക്ഷേ ലഹരിയിലായിരുന്ന സാംകുട്ടി ഇതറിഞ്ഞില്ല. നിര്‍ത്താതെ പാഞ്ഞ കാറില്‍നിന്നു പഞ്ചറായ ചക്രം റോഡില്‍ ഉരഞ്ഞുകീറുകയും ഊരിത്തെറിക്കുകയും ചെയ്തു. എന്നിട്ടും വേഗം കുറഞ്ഞില്ല. ചക്രമില്ലാതായതോടെ ചെയ്സിന്റെ റിമ്മ് ഭാഗം റോഡിലുരഞ്ഞ് തീപ്പൊരി ചിതറിച്ചായി പിന്നീടുള്ള യാത്ര. കുന്നിക്കോട്ട് സ്ത്രീയെയും കുട്ടിയെയും തട്ടിയിട്ടു. ഒട്ടേറെ വാഹനങ്ങളില്‍ തട്ടിയും തട്ടാതെയും കാര്‍ പാഞ്ഞു.