ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം; ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ
ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ രംഗത്ത്. ഇടതുപക്ഷസര്‍ക്കാരിന്റെ ഭരണത്തില്‍ ജനം നിരാശരാണെന്നും തെരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷത്തിന്റെ പരാജയമാണെന്നും സിപിഐ കൗണ്‍സിലംഗം കെ.കെ ശിവരാമന്‍ പറഞ്ഞു. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടല്‍ നടത്താന്‍ കഴിയാത്തതും ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്ന അഴിമതിയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ജനങ്ങളുടെ നിരാശയാണ്. ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലായെന്ന വികാരം സാധാരണ വോട്ടര്‍മാര്‍ക്കുണ്ടായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും ശിവരാമന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സാമൂഹ്യക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ 18 മാസം കുടിശ്ശിക വരുത്തിയിരുന്നെങ്കിലും ഇടതുപക്ഷ ജനാധിപത്യമുന്നണി ആറ് മാസം കുടിശ്ശിക വരുത്തിയാല്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനസ്സല്ല ഈ പാവപ്പെട്ട ജനങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുപോലെ മാവേലി സ്‌റ്റോറുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































