ഈ വര്‍ഷം വിശുദ്ധ ഹജ്ജിന് ഇതുവരെ സൗദിയിലെത്തിയത് 12 ലക്ഷം തീര്‍ഥാടകര്‍; എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി
റിയാദ്: ഈ വര്‍ഷം വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ഇതുവരെ ഏകദേശം 12 ലക്ഷം തീര്‍ഥാടകര്‍ സൗദിയുടെ വിവിധ അതിര്‍ത്തികള്‍ വഴി എത്തിച്ചേര്‍ന്നതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദൈവത്തിന്റെ അതിഥികളായി എത്തുന്നവരെ വരവേല്‍ക്കുന്നതിന് മികച്ച സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read ; ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം
മാധ്യമകാര്യ മന്ത്രി സല്‍മാന്‍ അല്‍ ദോസരിയുടെ സാന്നിധ്യത്തില്‍ റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹജ്ജ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത ചൂടിലും മികച്ച സൗകര്യങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അവരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിപുലമായ ചികിത്സാ സൗകര്യങ്ങള്‍ തീര്‍ഥാടന കേന്ദ്രങ്ങളിലെല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോകമെമ്പാടുമുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജ് അനുഭവം സുഗമമാക്കുന്നതിനായി നൂറുകണക്കിന് പദ്ധതികളാണ് സൗദി ഭരണകൂടം നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് സീസണ്‍ അവസാനിച്ചതിന് ശേഷം, താന്‍ അടക്കമുള്ള സൗദി പ്രതിനിധികള്‍ 11 രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 24 ഔദ്യോഗിക മീറ്റിങ്ങുകള്‍ നടത്തുകയും ചെയ്തതായി മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. ഈ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ നേരിടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും മെച്ചപ്പെട്ട സേവനങ്ങള്‍ക്കുള്ള അവസരങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടിയായിരുന്നു ഈ നേരിട്ടുള്ള ചര്‍ച്ചകള്‍. ഈ ശ്രമങ്ങളുടെ വിജയത്തിന് തെളിവാണ് കഴിഞ്ഞ മാസം 10 ലക്ഷത്തിലധികം ഉംറ വിസകള്‍ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
ഹജ്ജ് തീര്‍ത്ഥാടകര്‍ ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം അല്‍ റബീഅ ഊന്നിപ്പറഞ്ഞു. ഇതിനായി മന്ത്രാലയം ഒരു ബഹുമുഖ പദ്ധതി നടപ്പിലാക്കിയിരുന്നു. 20-ലധികം രാജ്യങ്ങളിലായി ഒരു അന്താരാഷ്ട്ര കാമ്പെയ്ന്‍ ഇതിന്റെ ഭാഗമായി നടത്തി. ഹജ്ജ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന്റെ അപകടങ്ങള്‍, ഈ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍, വ്യാജ പ്രചാരണങ്ങള്‍ എന്നിവയെക്കുറിച്ച് തീര്‍ത്ഥാടകരെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഏഴ് രാജ്യങ്ങളിലായി 11 വിമാനത്താവളങ്ങളിലൂടെ നടപ്പിലാക്കുന്ന മക്ക റൂട്ട് ഇനീഷ്യേറ്റീവിന്റെ വിജയവും മന്ത്രി എടുത്തുപറഞ്ഞു. ഈ വര്‍ഷം 250,000 തീര്‍ഥാടകരാണ് ഈ പദ്ധതി വഴി രാജ്യത്തെത്തിയത്.
അതിനിടെ, മക്കയിലെ ഹോട്ടലുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, മറ്റ് താമസസൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ പരിശോധനയും നിരീക്ഷണ ടൂറുകളും ടൂറിസം മന്ത്രാലയം ശക്തമാക്കി. ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബിന്റെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ഈ വര്‍ഷത്തെ ഹജ്ജ് സീസണിന്റെ തുടക്കം മുതല്‍, മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങള്‍ മക്കയിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ക്കായി 4,500 ലധികം പരിശോധനാ ടൂറുകള്‍ നടത്തി. സേവനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഔദ്യോഗിക ചാനലുകള്‍ വഴിയോ ഏകീകൃത കോള്‍ സെന്റര്‍ നമ്പറായ 930ലോ തീര്‍ഥാടകര്‍ക്ക് ബന്ധപ്പെടാമെന്ന് മന്ത്രാലയം അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം