സുരേഷ്‌ഗോപിവീണ്ടും ലൂര്‍ദ് മാതാ പള്ളിയിലെത്തി; സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ലൂര്‍ദ് മാതാ പള്ളിയില്‍ എത്തി മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു. സുരേഷ് ഗോപി തന്നെയാണ് മാതാവിന് കൊന്ത അണിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ലൂര്‍ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് വലിയരീതിയില്‍ ചര്‍ച്ചയായിരുന്നു. പള്ളിയിലെ മുഴുവന്‍ ആളുകളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു സുരേഷ് ഗോപി മാതാവിന് കൊന്ത അണിയിച്ചത്.
മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേര്‍ച്ചയുടെ ഭാഗമായാണ് മുന്‍പ് സുരേഷ് ഗോപി സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ കിരീടം താഴെ വീണ് മുകള്‍ ഭാഗം വേര്‍പെട്ടിരുന്നു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ബിജെപി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞു എന്നിങ്ങനെയായിരുന്നു പ്രതികരണം. കിരീടത്തിന്റെ തൂക്കവും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ തൃശൂരിലെ വിജയത്തിന് പിന്നാലെയാണ് സുരേഷ് ഗോപി മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചിരിക്കുന്നത്.
സുരേഷ് ഗോപി ലൂര്‍ദ് പള്ളിയിലെത്തുന്നതിനു മുമ്പ് കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. പത്മജ വേണുഗോപാലും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഗുരുത്വം നിര്‍വ്വഹിക്കാനാണ് ഇവിടെ എത്തിയതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകര്‍ത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.