സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണം; നിര്‍ണായക കണ്ടെത്തലുമായി പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുമായി പോലീസ്. കേസില്‍ അറസ്റ്റിലായ ബിനോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി പോക്സോ കോടതി പ്രതിയെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പെണ്‍കുട്ടിയുടെ മരണത്തില്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശി ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. പ്രതിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നും നിര്‍ബന്ധിച്ച് ഗുളികകള്‍ കഴിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ഇരുവരും ഒന്നിച്ച് വീഡിയോകള്‍ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി പ്രതി ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രത്തിന് ശേഷം മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി വീണ്ടും ബലാത്സംഗം ചെയ്തു. ഇതിനുപുറമെ പ്രതി തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പെണ്‍കുട്ടിയെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നും ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നുമാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് വിധേയനാക്കിയ പ്രതിയെ കസ്റ്റഡില്‍ ചോദ്യം ചെയ്താലേ സത്യം തെളിയിക്കാനാകൂ എന്ന പ്രോസിക്യൂട്ടറുടെ ആവശ്യം കോടതി അംഗീകരിച്ചു. പെണ്‍കുട്ടിയുമായി പ്രതി പോയ വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലും, പ്രതിയുടെ വീട്ടിലും എത്തിച്ച് തെളിവെടുക്കണം, പെണ്‍കുട്ടിയുമായി പ്രതി പോകാന്‍ ഉപയോഗിച്ച വാഹനം കണ്ടെടുക്കണം, പ്രതി പെണ്‍കുട്ടിക്ക് മരുന്ന് വാങ്ങി നല്‍കിയതിന്റെ തെളിവ് ശേഖരിക്കാനുണ്ട്, മാത്രമല്ല പ്രതിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തുടര്‍ന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ട മൂന്ന് ദിവസം പോലീസ് കസ്റ്റഡി കോടതി അനുവദിച്ചു. കേസ് കെട്ടിചമച്ചതാണെന്നും പോലീസ് കസ്റ്റഡിയുടെ ആവശ്യമില്ലെന്നുമുളള പ്രതിഭാഗം വാദം കോടതി തള്ളുകയായിരുന്നു.