നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം; മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം
നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പൂര്‍ ഗ്രാമത്തില്‍ നിര്‍മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് അപകടം. വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന അപകടത്തില്‍ മൂന്ന് കുട്ടികളാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ ഭിത്തിയുടെ അടിത്തറ ദുര്‍ബലമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സെന്‍ട്രല്‍ നോയിഡയിലെ അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹൃദേഷ് കതേരിയ പറയുന്നതനുസരിച്ച് രാത്രി 7.45 ഓടെയാണ് സംഭവം.
Also Read ; നടി മീരാ നന്ദന്‍ ഗുരുവായൂരില്‍ വിവാഹിതയായി
സഗീര്‍ എന്ന വ്യക്തിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. കുടുംബത്തില്‍ പെട്ട എട്ട് കുട്ടികള്‍ മതിലിന് സമീപം കളിക്കുകയായിരുന്നു. രാത്രി 7.45 ഓടെ വീടിന്റെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. പൊലീസും അത്യാഹിത സേനകളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചവരില്‍ രണ്ട് വയസ്സുള്ള ഒരുകുട്ടിയുമുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ചു കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അഹദ് (4), അല്‍ഫിസ (2), ആദില്‍ (8) എന്നിവരാണ് മരിച്ചത്. ആയിഷ (16), ഹുസൈന്‍ (5), സോഹ്ന (12), വാസില്‍ (11), സമീര്‍ (15) എന്നീ കുട്ടികളാണ് ചികിത്സയിലുള്ളത്. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും സെന്‍ട്രല്‍ നോയിഡ പൊലീസ് അറിയിച്ചു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം