മാന്നാറിലെ യുവതിയുടെ കൊലപാതകം; 15 വര്‍ഷം മുന്‍പ് കാണാതായ അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകന്‍, വൈകാരിക പ്രതികരണമെന്ന് പൊലീസ്
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടെന്ന് പൊലീസ് പറയുമ്പോഴും അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകന്‍. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും മകന്‍ പ്രതികരിച്ചു. വൈകാരികമായിരുന്നു മകന്റെ പ്രതികരണം. താന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്നും ഇന്നലെ സംഭവമറിഞ്ഞതിന് ശേഷം സ്‌കൂളില്‍ പോയില്ലെന്നും സഹ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനം നഷ്ടമായെന്നും മകന്‍ സങ്കടത്തോടെ പറഞ്ഞു. അമ്മയെ ഈ അടുത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കാണാതായ ശേഷം കണ്ടില്ല എന്നും എന്നാല്‍ എവിടെയോ അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്നും മകന്‍ പറഞ്ഞു.
Also Read ; കാര്യവട്ടം ക്യാംപസില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം ; എം വിന്‍സെന്റ് എംഎല്‍എക്ക് പരിക്ക്
അതേ സമയം വാര്‍ത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികാരമാണ് മകന്റേതെന്ന നിഗമനത്തിലാണ് പൊലീസ്. കലയുടെ കൊലപാതകം സ്ഥിരീകരിച്ച പൊലീസ് ഭര്‍ത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇസ്രയേലില്‍ ജോലിയിലുള്ള അനിലിനെ നാട്ടിലേക്ക് തിരിച്ചുകൊണ്ട് വരാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കലയുടെ മൃതദേഹം കാറില്‍ കൊണ്ട് പോയി മറവ് ചെയ്തതെന്ന് സംശയിക്കുന്ന ജിനു, പ്രമോദ്, സോമന്‍ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികള്‍.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പൊലീസ് പറഞ്ഞത്. 2009 ലായിരുന്നു സംഭവമെന്നും മാരുതി കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തവെന്നും പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്‌ഐആറില്‍ പറഞ്ഞിട്ടില്ല. അനില്‍ ഇപ്പോള്‍ വിദേശത്താണുള്ളത്. അനിലിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ഇയാളെ നാട്ടിലെത്തിക്കുമെന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. കലയെ കാണാതായതിന് ശേഷം അനില്‍ വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്നു. ഇയാള്‍ പിന്നീട് വീണ്ടും വിവാഹിതനാകുകയും ചെയ്തു.
Join with metro post : മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക