ബാലവിവാഹ നിരോധന നിയമം എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മുകളില്‍: ഹൈക്കോടതി

കൊച്ചി: രാജ്യത്തെ ബാലവിവാഹ നിരോധന നിയമം (2006) എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മുകളിലാണെന്ന് ഹൈക്കോടതി. നിയമത്തിലെ വ്യവസ്ഥകള്‍ ജാതിമത ഭേദമന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണന്‍ ഉത്തരവിട്ടു. പൗരത്വമാണ് പ്രഥമമെന്നും മതം അതിന് പിന്നിലാണെന്നും കോടതി വ്യക്തമാക്കി.
Also Read; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
ബാലവിവാഹത്തിന്റെ പേരില്‍ വടക്കഞ്ചേരി പോലീസ് എടുത്ത കേസില്‍ ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ അഞ്ച് പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് ഉത്തരവ്. 2012 ഡിസംബര്‍ 30നായിരുന്നു കേസിനിടയാക്കിയ വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരന്‍ അടുത്തവര്‍ഷം ശിശുവികസന ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെയും വരനെയും മഹല്ല് ഭാരവാഹികളെയും സാക്ഷിയെയും പ്രതിയാക്കിയാണ് കേസെടുത്തത്.
ഋതുമതിയായാല്‍ വിവാഹിതയാകാമെന്നത് മുസ്ലിം വ്യക്തി നിയമ പ്രകാരം പെണ്‍കുട്ടിയുടെ അവകാശമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കുട്ടിയുടെ സ്‌കൂള്‍ രേഖയില്‍ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തിയതാണെന്നും ഒരുവര്‍ഷം കഴിഞ്ഞ് പരാതി നല്‍കിയത് ദുരുദ്ദേശ്യപരമാണെന്നും പ്രതിഭാഗം ഉന്നയിച്ചു. അതേസമയം, ബാലവിവാഹ നിയമം വ്യക്തിനിയമങ്ങള്‍ക്ക് അതീതമാണെന്ന് അമിക്കസ് ക്യൂറിയും സര്‍ക്കാരും ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ മുന്‍കാല വിധികളടക്കം പരിശോധിച്ച ഹൈക്കോടതി ഇത് ശരിവച്ചു. ആധുനിക സമൂഹത്തില്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് ശരിയല്ലെന്നും ബാലവിവാഹം കുട്ടികള്‍ക്ക് പഠിക്കാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
പരാതി വൈകിയത് കേസ് റദ്ദാക്കാന്‍ മതിയായ കാരണമല്ലെന്നും ജനന തീയതി സംബന്ധിച്ച തര്‍ക്കം ഹര്‍ജിക്കാര്‍ക്ക് വിചാരണക്കോടതിയില്‍ ഉന്നയിക്കാമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് നീതിപൂര്‍വം തീര്‍പ്പാക്കാന്‍ വിചാരണക്കോടതി ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.