തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് ക്ഷേത്രപ്രവേശനം; സഫലമായത് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം

ചെന്നൈ: വര്‍ഷങ്ങള്‍നീണ്ട പോരാട്ടത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ 100 ദളിത് കുടുംബങ്ങള്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിച്ചു. പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മന്‍ ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം ദളിത് കുടുംബാംഗങ്ങള്‍ ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിനുള്ളില്‍ പൊങ്കല്‍ പാചകം ചെയ്യല്‍, കരഗം ചുമക്കല്‍ ഉള്‍പ്പടെയുള്ള ചടങ്ങുകളും നടത്തി. പിന്നാക്ക വിഭാഗക്കാര്‍ക്ക് വര്‍ഷങ്ങളായി ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങള്‍ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേല്‍ജാതിക്കാര്‍ ഇവരെ അകറ്റിനിര്‍ത്തുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ജില്ലാ ഭരണകൂടവും ഗ്രാമസഭയിലെ പ്രധാനികളും നിരന്തരം ഇടപെട്ട് ചര്‍ച്ച നടത്തിയശേഷമാണ് ദളിതര്‍ക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അവസരം ഒരുങ്ങിയത്. ദളിതര്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ചില പൂജാരിമാര്‍ ക്ഷേത്രത്തിലേക്ക് വന്നില്ലെന്ന് ദളിത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ദളിതരോട് അയിത്തമില്ലാത്ത ഒരു പുജാരിയെ ക്ഷേത്രത്തില്‍ നിയമിക്കാന്‍ ദേവസ്വം വകുപ്പിനോട് ആവശ്യപ്പെടുകയാണ് ഇവര്‍.