കെടിഡിസി ചെയര്‍മാന്‍ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും; ഔദ്യോഗിക വാഹനവും കൈമാറും
പാലക്കാട്: പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതുള്‍പ്പെടെയുള്ള ഗുരുതര കണ്ടെത്തലുകള്‍ക്ക് പിന്നാലെ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം ഇന്ന് രാജിവെക്കും. രാജികത്ത് ഇന്ന് വൈകീട്ടോടെ കൈമാറും.ഔദ്യോഗിക വാഹനവും കൈമാറും.പി കെ ശശിക്കെതിരെ സിപിഐഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്.
Also Read ; സംസ്ഥാനത്ത് ഇന്നും മഴ തുടരും
കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുെവന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പി കെ ശശിയെ ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. പി കെ ശശിക്ക് നിലവില്‍ ഇനി പ്രാഥമിക അംഗത്വം മാത്രമാകും ഉണ്ടാകുക.
പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചു. പാര്‍ട്ടി നിയത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളില്‍ ഇഷ്ട്ടക്കാരെ തിരുകി കയറ്റിയെന്നും സിപിഐഎം ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. പി കെ ശശിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പ്രവര്‍ത്തിച്ചു. ഏരിയ സെക്രട്ടറി ഉള്‍പെടെ ഉള്ളവര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ഇന്നലെ നടന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയും പിരിച്ചു വിട്ടിരുന്നു.