മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിന്റെ ഫോണ്‍ ലൊക്കേഷന്‍ ഊട്ടിയില്‍

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനായുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. വിഷ്ണുവിന്റെ ഫോണ്‍ ഓണ്‍ ആയി. ഊട്ടിയിലെ കുനൂരിലാണ് ഫോണിന്റെ ലൊക്കേഷന്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ നാലാം തിയതിയാണ് ഇയാളെ കാണാതാകുന്നുത്. വിവാഹം നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം നില്‍ക്കെ വിഷ്ണുവിനെ കാണാതായതില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.ഇതിനിടെ വിഷ്ണു അവസാനമായി വിളിച്ചപ്പോള്‍ എല്ലാം സാധാരണ രീതിയിലായിരുന്നു ഫോണില്‍ സംസാരിച്ചതെന്നും സുഹൃത്തില്‍ നിന്നും ഇയാള്‍ ഒരു ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും സഹോദരി മൊഴി നല്‍കിയിരുന്നു.
യുവാവ് കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് കയറിയതായാണ് സുഹൃത്തില്‍ നിന്ന് അവസാനം ലഭിച്ച വിവരമെന്നും സഹോദരി കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നാലാം തീയതി രാത്രി 7.45ന് യുവാവ് കോയമ്പത്തൂര്‍ ബസ് കയറുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിലുള്ളത് വിഷ്ണു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിരുന്നു. പോകുന്ന വിവരമൊന്നും നേരത്തെ പറഞ്ഞിരുന്നില്ലെന്നും കല്യാണത്തിന്റെ ആവശ്യത്തിനായി പോയെന്ന് അവിടെ എത്തിയിട്ടാണ് വിളിച്ചുപറഞ്ഞതെന്നും സഹോദരി പറഞ്ഞു.
സെപ്റ്റംബര്‍ എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഈ മാസം നാലിനാണ് യുവാവ് പാലക്കാട് പോയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വിവാഹ ആവശ്യത്തിനായി പണം സംഘടിപ്പിക്കാനാണ് വിഷ്ണു പാലക്കാട് സുഹൃത്തിന്റെ പക്കലെത്തിയത്. അന്ന് എട്ടു മണിക്ക് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്‌നം ഉണ്ട്, അത് തീര്‍ത്തിട്ട് വരാം എന്ന് പറഞ്ഞു. എന്താണ് പ്രശ്‌നമെന്ന് പറഞ്ഞില്ലെന്നും സഹോദരി പറഞ്ഞു. താലിമാലയും മോതിരവും മാത്രമാണ് വാങ്ങാന്‍ ബാക്കിയുണ്ടായിരുന്നത്. മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സഹോദരി പറഞ്ഞിരുന്നു.