തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് ഏകോപനത്തില്‍ പാളിച്ച മാത്രമാണ് ഉണ്ടായതെന്ന് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവസ്വങ്ങള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം, ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ചയില്‍ ഇനിയും അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടില്ല.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണത്തിന് ഉത്തരവിട്ട് 5 മാസത്തിന് ശേഷമാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇന്നലെ ഡിജിപിക്ക് കൈമാറിയത്. പൂരത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും ബോധപൂര്‍വമായ അട്ടിമറിയോ ഗൂഡാലോചനയോ ഉണ്ടായിട്ടില്ല എന്നും ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് പാളിച്ച പറ്റിയെന്നുമാണ് എം ആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതി വിധി പ്രകാരം ബന്തസ് ശക്തമാക്കിയപ്പോഴാണ് പ്രശ്‌നം തുടങ്ങിയതെന്നും പ്രശ്‌നങ്ങള്‍ അനുനയിപ്പിക്കാന്‍ അങ്കിത് അശോകിന് കഴിഞ്ഞില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പൂരം പൂര്‍ത്തിയാക്കാന്‍ ദേവസ്വങ്ങളും സമ്മതിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചിത്രങ്ങളും ദൃശ്യങ്ങളും അടക്കം 1600ലധികം പേജുള്ള റിപ്പോര്‍ട്ടാണ് എംആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.