ബെംഗളൂരുവില്‍ പൂക്കളം നശിപ്പിച്ച സംഭവം ; യുവതിക്കെതിരെ കേസെടുത്ത് പോലീസ്
ബെംഗളൂരു: ബെംഗളൂരൂവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി തീര്‍ത്ത പൂക്കളം നശിപ്പിച്ച സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ബംഗളുരു തനിസാന്ദ്രയിലെ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മൊണാര്‍ക്ക് സെറിനിറ്റി ഫ്‌ലാറ്റിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെയാണ് പൂക്കളം അലങ്കോലമാക്കിയതില്‍ കേസെടുത്തിരിക്കുന്നത്. സംപിഗെഹള്ളി പോലീസ് യുവതിക്കെതിരെ നടപടിയെടുത്തത്.
അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണാഘോഷത്തിന്റെ ഭാഗമായി ഫ്‌ലാറ്റിലെ കോമണ്‍ ഏരിയയില്‍ കുട്ടികള്‍ തീര്‍ത്ത പൂക്കളമാണ് സിമി നായര്‍ ചവിട്ടി നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഫ്‌ലാറ്റിന്റെ കോമണ്‍ ഏരിയയില്‍ പൂക്കളമിട്ടത് ചോദ്യം ചെയ്ത് യുവതി തര്‍ക്കിക്കുന്നതും ശേഷം പൂക്കളത്തില്‍ കയറി നില്‍ക്കുകയുമായിരുന്നു. പിന്നീട് തര്‍ക്കത്തിനിടെ പൂക്കളം നശിപ്പിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഫ്‌ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നായിരുന്നു യുവതിയുടെ വാദം. പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാര്‍ക്കും ഒരുമിച്ച് ഉത്സവങ്ങള്‍ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാര്‍ പറയുന്നുണ്ടെങ്കിലും യുവതി അത് അംഗീകരിക്കുന്നില്ല. പൂക്കളം നശിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നിരുന്നു.