January 22, 2025
#kerala #Top Four

അങ്കമാലിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വീടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മില്ലുപടി വെളിയത്ത് വീട്ടില്‍ സനല്‍ ഭാര്യ സുമി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെയായിരുന്നു അങ്കമാലിയെ നടുക്കിയ സംഭവമുണ്ടായത്. അയല്‍വാസിയായ സതീശന്‍ ജോലി കഴിഞ്ഞ് വരുന്ന മകനെ കാത്ത് വീടിന്റെ വരാന്തയിലിരിക്കുമ്പോഴാണ് സനലിന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. കുട്ടികളുടെ നിലവിളിയും കേട്ടു. ഓടി ചെന്നപ്പോള്‍ തീ ആളി പടരുകയായിരുന്നു. കുട്ടികളെ ഉടന്‍ രക്ഷിച്ച് പുറത്ത് എത്തിച്ചു. ഏറെ പണിപ്പെട്ട് തീ കെടുത്തിയപ്പോഴാണ് സനലിനെയും സുമിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സനലിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലും സുമി പൊള്ളലേറ്റുമാണ് മരിച്ചത്. തീ പടര്‍ന്നതില്‍ ഇവരുടെ കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഇളയ കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Also Read ; കേരളത്തില്‍ ഇത്രയും വികാരഭരിതമായ യാത്രയയപ്പ് ഉണ്ടായിട്ടുണ്ടാകില്ല : ടി സിദ്ദിഖ് എംഎല്‍എ

സംഭവമറിഞ്ഞ് പോലീസെത്തി പരിശോധിച്ചപ്പോള്‍ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെന്നാണ് കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളത്. സുമിയുടെ കൈപ്പടയിലാണ് കുറിപ്പുള്ളതെന്നാണ് വിവരം. സനല്‍ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്നും അതല്ല തീ കൊളുത്തിയതിന് ശേഷം സനല്‍ തൂങ്ങിമരിച്ചതാവാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സനലും സുമിയും അങ്കമാലി തുറവൂര്‍ ജംഗ്ഷനില്‍ അക്ഷയകേന്ദ്രം നടത്തിവരികയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *